തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനങ്ങളെ പട്ടിയാക്കുന്നവരാണ് രാഷ്ട്രീയക്കാരെന്ന നടന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ആഷിക്ക് അബു രംഗത്ത്. എല്ലാ രാഷ്ട്രീയപ്രവര്‍ത്തകരേയും ബഫൂണുകളാക്കി പകരം ആരെയാണ് ശ്രീനിയേട്ടന്‍ ജനങ്ങളെ നയിക്കാന്‍ മുന്നില്‍ കാണുന്നതെന്ന് ആഷിക്ക് അബു ചോദിക്കുന്നു.
കൊലപാതക രാഷ്ട്രീയത്തിനെതിരെയും, അഴിമതി, സ്വജനപക്ഷപാതം, അനീതി എന്നിവക്കെതിരെയും അഭിപ്രായപ്രകടനം നടത്തുന്ന ശ്രീനിയേട്ടനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അരാഷ്ട്രീയ വാദത്തെ നിരാശയോടെ കാണുന്നുവെന്ന് ആഷിക്ക് വ്യക്തമാക്കി. ജനങ്ങള്‍ എപ്പോഴും പട്ടികളല്ല. കരുത്തുകാട്ടുകയും തിരുത്തല്‍ നടപ്പാക്കുകയും ചെയ്ത ജനതയാണ് നമ്മളെന്നും ആഷിക്ക് പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ജനം വെറും പട്ടിയാണെന്നും അവന്റെ അഭിപ്രായത്തിന് വിലയില്ലെന്നുംമായിരുന്നു ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടത്. അഴിമതിയുടെ സുഖലോലുപതയില്‍ ജീവിക്കുന്നവരാണ് എല്ലാ രാഷ്ട്രീയക്കാരുമെന്നും അദ്ദേഹം പറയുകയുണ്ടായി. ആം ആദ്മി പാര്‍ട്ടി സംസ്ഥാനവ്യാപകമായി ആരംഭിച്ച സന്ദേശം എന്ന സംവാദപരിപാടിയില്‍ അങ്കമാലിയില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍. രാഷ്ട്രീയ കൊലപാതകത്തില്‍ നേതാക്കള്‍ കൊല്ലപ്പെടാറില്ലെന്നും ഇരകളാകുന്നത് പാവപ്പെട്ട അണികളാണെന്നുമുള്ള ശ്രീനിവാസന്റെ അഭിപ്രായ പ്രകടനം രാഷ്ട്രീയരംഗത്ത് വിവാദം സൃഷ്ടിച്ചിരുന്നു.