Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ മരണം: കെമിക്കൽ ലാബ് ഡയറക്ടർ മൊഴി നൽകി

kalabhavan-mani-2

കലാഭവൻ മണിയുടെ ശരീരത്തിൽ കീടനാശിനി വളരെ കുറഞ്ഞ അളവിലാണെന്ന് കൊച്ചി കാക്കനാട് കെമിക്കൽ ലാബ് ഡയറക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. മണിക്ക് കേസ് ഷീറ്റ് പ്രകാരമുള്ള ചികിൽസ ലഭിച്ചിരുന്നതായി മെഡിക്കൽ സംഘവും റിപ്പോർട്ട് നൽകി. ഇതോടെ മണിയുടേത് രോഗം മൂലമുള്ള മരണമെന്ന സാധ്യതക്ക് ബലം വർധിക്കുന്നതായി പൊലീസ് വിലയിരുത്തൽ.

മണിയുടെ ശരീരത്തിൽ മെഥനോളിന് പുറമെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയുമുണ്ടെന്ന് കണ്ടെത്തിയത് കൊച്ചി കാക്കനാട് ലാബിലെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലയിരുന്നു. ഈ റിപ്പോർട്ടോടെയാണ് മണിയുടെ മരണത്തിൽ ദുരൂഹത വർധിച്ചതും. എന്നാൽ പരിശോധനക്ക് നേതൃത്വം നൽകയ ലാബ് ഡയറക്ടർ തന്നെയാണ് കീടനാശിനിയുടെ അളവ് വളരെ കുറവാണെന്ന് മൊഴി നൽകിയിരിക്കുന്നത്. അളവ് കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും മൊഴിയിൽ പറയുന്നു. ഈ മൊഴിയും മണിയുടെ ചികിത്സാ രേഖകളും വിദഗ്ദ മെഡിക്കൽ സംഘം വിലയിരുത്തി.

കീടനാശിനി മരണകാരണമല്ലെന്ന നിഗമനത്തിന് ബലം വർധിപ്പിക്കുന്നതാണ് ഈ മൊഴി. എന്നാൽ ഹൈദരാബാദിലെ കേന്ദ്രലാബിലെ രാസപരിശോധന ഫലം ലഭിച്ച ശേഷം മാത്രം ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിൽ എത്താനാവൂവെന്നാണ് സംഘം വിലയിരുത്തിയത്. പൊലീസും ആ തീരുമാനത്തിലാണ്. അതേസമയം മാർച്ച് 4ന് വൈകിട്ട് 4നും 4.15നും ഇടയിലാണ് മണിയെ കൊച്ചിയിലെ ആശുപത്രിയിലെത്തിയത്. എന്നാൽ രേഖകൾ പ്രകാരം ചികിത്സ ആരംഭിച്ചത് 5 മണിയോടെയാണ്. അരമണിക്കൂറിലേറെ വൈകിയെന്നാണ് ഇത് വ്യക്തമാക്കുന്നത്.

അതേസമയം കേസ് ഷീറ്റ് പ്രകാരമുള്ള എല്ലാ ചികിത്സകളും ലഭ്യമായെന്നും മെഡിക്കൽ സംഘം റിപ്പോർട്ട് നൽകി. എന്തായാലും മണി കൊല്ലപ്പെട്ടതോ ആത്മഹത്യ ചെയ്തതോ ആവാനുള്ള സാധ്യതകൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. രോഗം മൂലമുള്ള മരണമെന്ന നിഗമനത്തിന് ബലം വർധിക്കുകയുമാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ലഭിക്കുന്ന കേന്ദ്രലാബിലെ പരിശോധനാഫലത്തോടെ അന്തിമ തീരുമാനത്തിലെത്തും.

Your Rating: