Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണായി പിറന്നതിന്റെ ‘അപകടങ്ങൾ’

sanjay.jpg.image.784.410

പെൺകുട്ടികൾ കൂടുതൽ ധൈര്യവതികളാവുക എന്നതാണു കാലഘട്ടത്തിന്റെ ട്രെൻഡിങ് വാചകം. പ്രതികരിക്കണം, ആയോധനകല അഭ്യസിക്കണം തുടങ്ങിയ നിർദേശങ്ങൾ ഒരു വശത്ത്. രാത്രിയിൽ സ്‌ത്രീകൾ പുറത്തിറങ്ങരുതെന്നു മറ്റൊരു പക്ഷം. സ്‌ത്രീവിരുദ്ധതയെപ്പറ്റി ബൗദ്ധികവും വൈകാരികവുമായ ചർച്ചകൾ, കൂട്ടായ്‌മകൾ, സമ്മേളനങ്ങൾ. ഇതിനിടയിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ മറ്റൊരു കൂട്ടർ കള്ളച്ചിരിയോടെ നടന്നുപോകുന്നു; പുരുഷന്മാർ.

അതെ, ഏഴു വയസ്സുകാരി മകൾ ഹോംവർക്കിൽ ഹെഡ് ഓഫ് ദ് ഫാമിലി എന്ന ചോദ്യത്തിന് ‘ഫാദർ’ എന്നുത്തരമെഴുതുന്നതു വങ്കച്ചിരിയോടെ കണ്ടു തൃപ്‌തിപ്പെടുന്ന ഞാനടക്കമുള്ള ആൺശിങ്കങ്ങൾ. അതാണു ശരിയുത്തരമെന്നു ടീച്ചർ തന്നെ അവളോടു പറഞ്ഞു കൊടുത്തിരിക്കുന്നുവത്രെ. കഴിഞ്ഞ സ്കൂൾ ഡേക്കുള്ള ക്ഷണം ഞങ്ങളുടെ വീട്ടിലേക്കു വന്നതും മിസിസ് ആൻഡ് മിസ്റ്റർ സഞ്ജയ്‌ക്കാണ്; എനിക്കും പേരില്ലാത്ത എന്റെ ഭാര്യയ്‌ക്കും. ഓരോരുത്തരുടെയും സ്ഥാനം നിശ്ചയിക്കൽ അവിടെ തുടങ്ങുന്നുവെന്നർഥം. അറിഞ്ഞോ അറിയാതെയോ ഒരു രണ്ടാം ക്ലാസുകാരി (കാരൻ) കണക്കിനും സയൻസിനുമൊപ്പം ഇതും പഠിക്കുന്നു. എന്നെക്കാളുയർന്നത് അവനെന്നവളും ഞാൻ തന്നെ ശിരസ്സെന്നവനും പത്തു വയസ്സെത്തുന്നതിനു മുമ്പു മനസിലുറപ്പിക്കുന്നു. ‘നീയൊരാണല്ലേ?’ എന്ന ചോദ്യത്തിൽ ആവാൻ പാടില്ലാത്ത എന്തോ ഒന്നാണ് പെണ്ണ് എന്നവനും, ‘നീയൊരു പെണ്ണല്ലേ?’യിൽ അടക്കിയും ഒളിച്ചും വയ്‌ക്കേണ്ട ഒരായിരം കാര്യങ്ങളുടെ പട്ടിക അവളും ഹൃദിസ്ഥമാക്കുന്നു.

പിന്നെ കൗമാരമാണ്. എല്ലാം പറഞ്ഞുകൊടുക്കാൻ പെൺകുട്ടികൾക്ക് അമ്മമാരുണ്ട്. പെണ്ണായി പിറന്നതിന്റെ ‘അപകടങ്ങൾ’ അവർ തിരിച്ചറിയുന്നു. ഞങ്ങൾ ആണുങ്ങളോ, സ്കൂൾ ഇടനാഴികളിൽ ഒളിഞ്ഞുനിന്നു വായിക്കുന്ന മൂന്നാം കിട കൊച്ചുപുസ്തകങ്ങളിലൂടെയും (ഇന്റർനെറ്റിലൂടെയും), സീനിയർ ചേട്ടന്മാരുടെ വീരകഥകളിലൂടെയും സെക്സ് എന്താണെന്നും സ്‌ത്രീ എന്താണെന്നും പഠിച്ചെടുക്കുന്നു. ഏതാണ്ട് എല്ലാ സ്‌ത്രീകളും പ്രായമെത്തിയിട്ടും വിവാഹിതരാകാത്തവർ, വിവാഹമോചനം നേടിയവർ, ഭർത്താവ് വിദേശത്തുള്ളവർ എന്നിവർ പ്രത്യേകിച്ചും പുരുഷസ്‌പർശം മാത്രം ജീവിതലക്ഷ്യമാക്കി കഴിയുന്നവരാണെന്ന് ആ സിലബസ് പറഞ്ഞുതരുന്നു. അങ്ങനെ പെണ്ണിനു ഞങ്ങൾ ഒരു പേരിടുന്നു; ‘ചരക്ക്’. ഇംഗ്ലിഷിൽ commodity. അതായത്, ഉൽപന്നം. പീഡനവാർത്തകൾ വായിക്കുമ്പോൾ ഇരയോടൊത്തു സഹതപിക്കുന്നതിനോടൊപ്പം എന്തൊക്കെയാവാം നടന്നിരിക്കുക എന്ന കൗതുകമുണരുന്നതും ഈ വിദ്യാഭ്യാസത്തിന്റെ ഫലം തന്നെ. അതിനു തെളിവാണല്ലോ ആക്രമിക്കപ്പെട്ട നടിയുടെ പേരിലുള്ള തമാശ കലർന്ന വാട്‌സ്‌ആപ്പ് മെസേജുകളും വൈദികനാൽ അപമാനിക്കപ്പെട്ട കുട്ടി എന്ന പേരിൽ പ്രചരിച്ച ചിത്രങ്ങളും.

തുടങ്ങേണ്ടതു വിത്തു പാകുന്നിടത്തു നിന്നു തന്നെയാണ്. അമ്മമാർ പെൺകുട്ടികൾക്കെന്നതു പോലെ അച്‌ഛന്മാർ ആൺകുട്ടികൾക്കും പറഞ്ഞുകൊടുക്കട്ടെ അവന്റെ ശരീരത്തെക്കുറിച്ച്, ലൈംഗികതയെക്കുറിച്ച്, സ്‌ത്രീയെക്കുറിച്ച്. പക്ഷേ, ദയവുചെയ്‌ത് സ്‌ത്രീയെ ബഹുമാനിക്കണം എന്നു ബാലിശമായി പറഞ്ഞുകൊടുക്കാതിരിക്കുക. അതിലെവിടെയോ അവൾ അബലയാണെന്ന ഒളിഞ്ഞിരിക്കുന്ന സന്ദേശമുണ്ട്. എല്ലാവരെയും ബഹുമാനിക്കട്ടെ. അതിൽ സ്‌ത്രീയും പെടട്ടെ. അതാണ് യഥാർഥ സമത്വം. ‘ഞങ്ങളുടെ മിഴികളിലേക്കു നോക്കുക; ഞങ്ങൾ സ്‌ത്രീകളാണെന്ന് ഓർമിപ്പിക്കാത്ത വിധത്തിൽ’ എന്ന പഴയകാല ഗ്രീക്ക് ഗ്രന്ഥത്തിലെ വാചകം സാക്ഷി.

നിയമസഭയിൽ നിന്നിറങ്ങിപ്പോയതു കൊണ്ടു പ്രശ്‌നം തീരില്ല സർ. നിങ്ങൾ സംസാരിക്കൂ; ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച്, അതു സിലബസിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച്, തുറന്ന ആൺപെൺ സൗഹൃദങ്ങൾക്കുള്ള വേദികളൊരുക്കുന്നതിനെക്കുറിച്ച്. അല്ലെങ്കിൽ, ഞങ്ങൾ പാവം പുരുഷന്മാർക്കു ജീൻസും ഷോർട് സ്‌കേർട്ടും കണ്ടാൽ ഭ്രാന്തിളകിയെന്നിരിക്കും. വഴങ്ങാത്ത സ്‌ത്രീയെ കമന്റടിച്ചും ആസിഡൊഴിച്ചും ആണത്തമെന്തെന്നു കാണിച്ചുകൊടുക്കാൻ തോന്നും. അല്ലെങ്കിൽ പൾസർ സുനിയെ പിടികൂടാൻ കഴിയാത്തതിലുള്ള രോഷത്തിലും, പിടികൂടിയതിലെ ആഹ്ലാദത്തിലും ഒതുങ്ങിനിൽക്കും നമ്മുടെ രാഷ്‌ട്രീയം; അടുത്ത പൾസർ സുനി ഉണ്ടാകുന്നതു വരെ.

(തിരക്കഥാകൃത്താണ് ലേഖകൻ)