Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊമ്രേഡ് ഇൻ ലവ്; റിവ്യു

cia-review-3

വിപ്ലവത്തിന്റെയല്ല, പ്രണയത്തിന്റെ സഖാവാണ് അജി മാത്യു. രാഷ്ട്രീയം വിദൂരപശ്ചാത്തലത്തിൽ മാത്രമുള്ള പ്രണയചിത്രമാണ് അജി മാത്യു എന്ന കഥാപാത്രത്തെ നായകനാക്കി അമൽ നീരദ് ഒരുക്കിയിരിക്കുന്ന സി.ഐ.എ.

പാലാ മുണ്ടക്കൽ കുടുംബത്തിലെ ഏക മകനാണ് അജി മാത്യു. അജിയുടെ അപ്പന്‍ മാത്യു േകരളാ കോൺഗ്രസിന്റെ സന്തതസഹചാരിയാണെങ്കിലും മകന് ഇടത്തേക്കാണ് ചായ്‌വ്. വിപ്ലവം പ്രസംഗത്തിലല്ലെന്നും പങ്കുവയ്ക്കലാണ് കമ്യൂണിസമെന്നുമുള്ള സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ജീവിക്കുന്ന ലക്ഷണമൊത്ത സഖാവാണ് അജി മാത്യു എന്ന ദുൽഖർ സൽമാൻ കഥാപാത്രം.

Comrade In America - CIA Malayalam Movie Teaser | Dulquer Salmaan | Amal Neerad

നാട്ടിൽ രാഷ്ട്രീയവും അടിപിടിയുമായി നടക്കുന്നതിനിടെയാണ് അജിക്ക് പെട്ടെന്ന് അമേരിക്കയ്ക്കു പോകേണ്ടി വരുന്നത്. ചുരുങ്ങിയ സമയം കൊണ്ട് അമേരിക്കയിൽ എത്താൻ അജി തേടുന്നത് വിമാനയാത്രയല്ല ജീവൻ തന്നെ അപകടത്തിലാക്കിയേക്കാവുന്ന മറ്റൊരു മാർഗമാണ്. അത് വെറുമൊരു യാത്രയല്ല, അജിയുടെ ജീവിതം മാറ്റിമറിക്കുന്ന യാത്ര കൂടിയാവുന്നു. ‌

CIA theatre response

കമ്യൂണിസം മാത്രമല്ല സൗഹൃദവും പ്രണയവും കോളജ് ജീവിതവുമൊക്കെ വന്നുപോകുന്നുണ്ട് സിനിമയിൽ. അജി മാത്യുവിന്റെ രാഷ്ട്രീയവും പ്രണയവും തിരിച്ചറിയലുമൊക്കെ സിനിമയുടെ നിർണായക ഘടകങ്ങളാവുന്നു. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ദുൽഖർ ആരാധകർക്കു വേണ്ട മാസ് ചേരുവകളും കുടുംബപ്രേക്ഷകരെ കയ്യിലെടുക്കുന്ന നിമിഷങ്ങളും ചിത്രത്തിലുണ്ട്.

cia-dulquer-karthika

അജി മാത്യുവായി ദുൽഖർ ജീവിക്കുകയായിരുന്നെന്ന് പറയാം. കാമുകനായും സുഹൃത്തായും സഖായാവും ദുൽഖർ തിളങ്ങി. ഉസ്താദ് ഹോട്ടലിന് ശേഷം ദുൽഖർ–സിദ്ദിഖ് എന്നിവരുടെ അച്ഛൻ മകൻ കോമ്പിനേഷൻ ഏറ്റവും നന്നായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് സി.ഐ.എ. മാത്യു എന്ന രാഷ്ട്രീയക്കാരനായും അച്ഛനായും സിദ്ദിഖ് അതിഗംഭീര പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ആദ്യ സിനിമയുടെ പരിഭവങ്ങളൊന്നുമില്ലാതെ സാറ മേരി കുര്യനെ കാർത്തികയും മനോഹരമാക്കി. സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ എന്നിവർ ഹാസ്യരംഗങ്ങൾ സ്വാഭാവികതയോടെ കൈകാര്യം ചെയ്തു. സുജിത് ശങ്കർ, തമിഴ് നടൻ ജോൺ വിജയ്, ചാന്ദ്നി ശ്രീധരൻ, മാലാ പാർവതി, മണിയൻപിള്ള രാജു, ജിനു ജോസഫ് എന്നിവരാണ് മറ്റുതാരങ്ങൾ.

dulquer-amal-neerad

അമൽ നീരദ് ചിത്രങ്ങളിൽ എന്തെങ്കിലുമൊരു വ്യത്യസ്തത പ്രേക്ഷകർ പ്രതീക്ഷിക്കും. സി.ഐ.എ.യിലും ആ പ്രതീക്ഷ തെറ്റിയില്ല. മേക്കിങ്ങിൽ മാത്രമല്ല കഥാപശ്ചാത്തലത്തിലും പുതുമ കൊണ്ടുവരാൻ സി.ഐ.എ.യിലൂടെ സംവിധായകൻ ശ്രമിക്കുന്നു. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യപകുതി പ്രണയവും സൗഹൃദവുമായി മുന്നോട്ട് പോകുമ്പോൾ രണ്ടാം പകുതി കൂടുതൽ ത്രില്ലിങ് ആകുന്നു.

dulquer-amal-1

സാങ്കേതികമായും സി.ഐ.എ ഒരുപടി മുന്നിലാണ്. മലയാളത്തിൽ ഇന്നുവരെ കാണാത്ത ലൊക്കേഷനുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മെക്സിക്കോയും അമേരിക്കയുടെ അതിർത്തി പ്രദേശങ്ങളുമാണ് ലൊക്കേഷൻസ്. അസിഐഎയിലൂടെ അമൽ നീരദ് ദൃശ്യവ്ത്കരിക്കുന്ന അമേരിക്കൻ നഗരപശ്ചാത്തലം അമേരിക്കൻ മലയാളികൾ പോലും കണ്ടിട്ടുണ്ടോ എന്നു സംശയം. ‍രണദിവിന്റെ ഛായാഗ്രഹണം സിനിമയുടെ കരുത്താണ്. പ്രവീൺ പ്രഭാകറിന്റെ ചിത്രസംയോജനവും നീതി പുലർത്തി. ഗോപിസുന്ദറാണ് കയ്യടി അര്‍ഹിക്കുന്ന മറ്റൊരു താരം. പശ്ചാത്തല സംഗീതത്തിൽ ഇത്തവണയും പുതുമയാർന്ന പരീക്ഷണമാണ് ഗോപി നടത്തിയിരിക്കുന്നത്.

ranadiva-amal രണദിവ്, അമല്‍

ബാഹുബലി തിയറ്ററുകളിൽ തുടരുമ്പോഴും അജി മാത്യുവിനെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പ്. യുവതീയുവാക്കൾക്ക് ഹരമായി മാറിയേക്കാവുന്ന ചിത്രം ഏതു തരം പ്രേക്ഷകനെയും കയ്യിലെടുക്കുന്നതാണ്.