Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ.ബിജുവിന്റെ ആദ്യ അന്യഭാഷ ചിത്രം സൗണ്ട് ഓഫ് സൈലന്‍സ് റിലീസിന്

biju-davis ഡോ. ബിജു, ഡേവിസ് മാനുവൽ

ഡോ.ബിജു സംവിധാനം ചെയ്ത സൗണ്ട് ഓഫ് സൈലന്‍സ് നവംബറില്‍ രാജ്യാന്തര റിലീസിനൊരുങ്ങുന്നു. ഡോ. ബിജു ആദ്യമായി ഇതരഭാഷയില്‍ ഒരുക്കിയ സിനിമയുമാണ് സൗണ്ട് ഓഫ് സൈലന്‍സ്. മായാ മൂവീസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളി ഡോ. എ.കെ. പിള്ള നിര്‍മിച്ച ചിത്രം, കസാഖിസ്ഥാനിലെ യൂറേഷ്യാ ഫെസ്റ്റിവലിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 'മോണ്‍ട്രീയല്‍ ഫെസ്റ്റിവല്‍' ഉള്‍പ്പെടെ ശ്രദ്ധേയമായ പത്തോളം മേളകളുടെ മത്സര വിഭാഗത്തിലേക്ക് ഇതിനകം 'സൗണ്ട് ഓഫ് സൈലന്‍സ്' തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നോമിനേഷനുകള്‍ക്കായുള്ള ചിത്രത്തിന്റെ ഔദ്യോഗിക പ്രദര്‍ശനം സെപ്റ്റംബര്‍ അവസാനം ലോസ് ഏഞ്ചല്‍സില്‍ നടക്കും. ഏഴ് ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. കൊറിയന്‍, ചൈനീസ്, ജാപ്പനീസ്, ബര്‍മീസ് , സിംഹള, തായി , വിയറ്റ്‌നാമീസ് എന്നിങ്ങനെ.

ഹിമാചല്‍ ഗ്രാമമായ ഷാങ്ഗഡിന്റെ പശ്ചാലത്തില്‍ കഥപറയുന്ന ചിത്രം ഹിമാചലിന്റെ പഹാരി, ടിബറ്റന്‍, ഹിന്ദി ഭാഷകളിലായാണ് നിര്‍മിക്കപ്പെട്ടത്.അനാഥത്വം കൊണ്ട് ബുദ്ധ ആശ്രമത്തില്‍ എത്തിപ്പെടുന്ന ഊമയായ കുട്ടിയുടെ ജീവിത പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ബുദ്ധസംസ്‌കാരവും പശ്ചാത്തലമാകുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ കുട്ടിയെ അവതരിപ്പിക്കുന്നത്. ഡോ. ബിജുവിന്റെ മകന്‍ മാസ്റ്റര്‍ ഗോവര്‍ദ്ധനാണ്. പേരറിയാത്തവര്‍,വീട്ടിലേക്കുള്ള വഴി തുടങ്ങിയ ചിത്രങ്ങളിലെ ഗോവര്‍ദ്ധന്റെ കഥാപാത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ബോളിവുഡ് താരമായ ഉദയ്ചന്ദ്രയും ഹിമാചല്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ ഗുല്‍ഷനും മറ്റുപ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ബുദ്ധ സന്യാസികളും ഹിമാചലിലെ ഗ്രാമീണരും ഒക്കെ അഭിനേതാക്കലാണ് .ഛായാഗ്രഹണം എം. ജെ. രാധാകൃഷ്ണന്‍.

ഡോ. ബിജുവിന്റെ സഹസംവിധായകന്‍ ഡേവിസ് മാനുവല്‍ സ്വതന്ത്ര ചിത്രസംയോജകനും സുനില്‍ സി. എന്‍. ആര്‍ട് ഡയറക്ടറുമാകുന്ന ഈ ചിത്രത്തിലൂടെ ഛായാഗ്രാഹകന്‍ എം.ജെ. രാധാകൃഷ്ണന്റെ മകന്‍ യദു രാധാകൃഷ്ണന്‍ ആദ്യമായി അസ്സോസിയേറ്റ് ക്യാമറാമാന്‍ ആകുന്നു ചിത്രത്തിന്റെ തത്സമയ ശബ്ദലേഖനം സ്മിജിത്കുമാര്‍ പി. ബി. യും ശബ്ദസംവിധാനം കഴിഞ്ഞവര്‍ഷത്തെ ദേശീയപുരസ്‌കാര ജേതാവായ ജയദേവന്‍ ചക്കാടത്തും ശബ്ദമിശ്രണം മറ്റൊരു ദേശീയപുരസ്‌കാര ജേതാവായ പ്രമോദ് തോമസുമാണ്. പശ്ചാത്തല സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി. വസ്ത്രാലങ്കാരം അരവിന്ദും നിശ്ചലഛായാഗ്രാഹണം അരുണ്‍ പുനലൂരും.