Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകളെ കാണുമ്പോൾ ദുൽക്കറിന് ഓർമ വരുന്നത് ഈ പാട്ടാണ്!

dulquer-salmaan-daughter

ജീവിതത്തിലെ ഓരോ അതുല്യ നിമിഷത്തിലും നമ്മളിലേക്കു അറിയാതെ പറയാതെ ചില പാട്ടുകൾ ഓടിയെത്തും. അത്രയും നാൾ കേട്ട് സ്വപ്നം കണ്ട ആ പാട്ട് അന്നാദ്യമായാണു കേൾക്കുന്നതെന്നേ നമുക്കു തോന്നൂ. നടൻ ദുല്‍ഖർ സൽമാനും ഇപ്പോൾ‌ അങ്ങനെയൊരു പാട്ടോർമയുടെ നിർവൃതിയിലാണ്. ഭാര്യ അമാൽ ജന്മം നൽകിയ കുഞ്ഞു മാലാഖ വീട്ടിലേക്കെത്തുമ്പോൾ ദുൽക്കർ ഓർക്കുന്നത് ഈ പാട്ടാണ്. അമേരിക്കൻ റോക്ക് ബാൻഡ് ആയ ക്രീഡ് പുറത്തിറക്കിയ, വിത് ആംസ് വൈഡ് ഓപ്പൺ എന്ന പാട്ടാണ് ദിവസങ്ങൾക്കു മുൻപ് തന്റെയും ഭാര്യ അമാലിന്റേയും ജീവിതത്തിലേക്കു വന്ന മകളെ കാണുമ്പോൾ ദുൽക്കറിന് ഓർമവരുന്നത്.

Well I just heard the news today

It seems my life is going to change

I close my eyes, begin to pray

Then tears of joy stream down my face

(ഞാൻ ഇന്നാണ് ആ വാർത്ത കേട്ടത്

എന്റെ ജീവിതം മാറാൻ പോകുന്നുവെന്ന് എനിക്കു തോന്നുന്നു

കണ്ണുകളടച്ച് ഞാൻ പ്രാർഥിക്കാൻ തുടങ്ങി

അപ്പോള്‍ എന്റെ കവിളുകളിലൂടെ സന്തോഷത്തിന്റെ മിഴിനീര് ഒഴുകി....)

എന്നാണ് ക്രീഡിന്റെ പാട്ടിന്റെ വരികൾ തുടങ്ങുന്നത്. ഭാര്യ അമാൽ പെൺകുഞ്ഞിനു ജന്മം നൽകിയെന്ന വാർത്ത കേട്ടപ്പോൾ ദുൽക്കറിന് ഈ പാട്ട് ഓർമ വന്നെങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ. അത്രയ്ക്കു അർഥവത്തായ ഗാനം തന്നെയാണല്ലോ ഇത്.  ബാൻഡിന്റെ ലീഡ് സിംഗറായിരുന്ന സ്കോട് സ്റ്റാപ് താൻ അച്ഛനാകാൻ പോകുന്നുവെന്നു കേട്ട വേളയിൽ കുറിച്ചതാണീ പാട്ട്. 

'നന്ദി ക്രീഡ്. ഈ ഗാനം ആദ്യമായി കേട്ടപ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു ഒരു കുഞ്ഞുണ്ടാവുമ്പോള്‍ ഇതാവും ഞാന്‍ അനുഭവിക്കുക. എന്റെ മാനസികാവസ്ഥ മുഴുവന്‍ ഈ പാട്ടിലുണ്ട്' ഇൻസ്റ്റഗ്രാമിൽ പാട്ടിന്റെ വരികൾ കാണിക്കുന്നൊരു ചിത്രം പങ്കുവച്ചു കൊണ്ട് ദുൽക്കർ പറഞ്ഞത്. 

പതിനേഴു വർഷം മുൻപ് പുറത്തിറങ്ങിയ ഈ പാട്ട് അന്ന് ബിൽബോർഡിന്റെ ഹോട്ട് 100 ചാർട്ടിൽ‌ ഇടംനേടി. ഇന്നും കാലം ഈ പാട്ട് മൂളി നടക്കുന്നു. സ്കോട്ട് സ്റ്റാപ്പും മാര്‍‌ക്ക് ട്രെമോണ്ടിയുമാണ് ഈ പാട്ടിനു വരികൾ കുറിച്ചത്. ക്രീഡിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ഹ്യൂമൻ ക്ലേയിലെ മൂന്നാം ഗാനമാണിത്. ആ വർഷത്തെ മികച്ച റോക്ക് ഗാനത്തിനുള്ള പുര,്കാരവും ഈ പാട്ടിനായിരുന്നു.