Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിക്കി കമ്മലിനെ ഞെട്ടിച്ച് അമേരിക്കയിൽ നിന്ന് ഒരു ട്വീറ്റ്!

jimmiki-kammal-tweet

നമ്മുടെ കോളജിലെ പിള്ളേര് കാലങ്ങളായി ഡസ്കില്‍ കൊട്ടി പാടി നടക്കുന്നൊരു പാട്ട്. അതിനെ കൂടിയെടുത്താണ് വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ ഷാൻ റഹ്മാനും അനിൽ പനച്ചൂരാനും ചേർന്ന് ഒരു പാട്ടുണ്ടാക്കിയത്. ഹിറ്റാകും എന്നുറപ്പുണ്ടായിരുന്നെങ്കിലും അതിനു കവർ വേർഷനുകളും ഡാൻസ് വിഡിയോകളും തകൃതിയായി എത്തുമെന്ന് ചിന്തിച്ചിരുന്നെങ്കിലും ഇങ്ങനൊരു വർത്തമാനം ഷാനോ ചിത്രത്തിലെ മറ്റാരെങ്കിലുമോ പ്രതീക്ഷിച്ചിരിക്കാനിടയില്ല. കാരണം ഈ പാട്ടിഷ്ടപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ട് അമേരിക്കയിൽ നിന്നുപോലും ഒരു ട്വീറ്റ് എത്തിയിരിക്കയാണ്. ഏതെങ്കിലും മലയാളികളാണെന്ന് ചിന്തിച്ചാൽ തെറ്റി. ഓസ്കർ പുരസ്കാര വേദിയിൽ വരെ അവതാരകനായെത്തിയ ഒരാളാണ് പാട്ടെനിക്കിഷ്ടായി എന്നു പറഞ്ഞ് ട്വീറ്റ് ചെയ്തിരിക്കുന്നത്. കക്ഷിയുടെ പേരിനും പാട്ടിന്റെ പേരുമായി സാമ്യമുണ്ട്. ജിമ്മി കിമ്മൽ! 

ലോകപ്രശസ്തനാണ് ഇദ്ദേഹം. അങ്ങനെയൊരാളിൽ നിന്നുള്ള ട്വീറ്റ് വെളിപാടിന്റെ പുസ്തകം ടീമിനെയൊന്നാകെ അതിശയിപ്പിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ. ഇന്ത്യൻ സ്കൂൾ ഓഫ് കൊമേഴ്സിലെ കുട്ടികൾ ഈ പാട്ടിനൊപ്പം ഓണത്തിന് നൃത്തം ചവിട്ടുന്ന വിഡിയോ വൈറലായിരുന്നു. ഈ വിഡിയോ ട്വിറ്ററിൽ ഒരാൾ ജിമ്മി കിമ്മലിനെ ടാഗ് ചെയ്തു കൊണ്ട് ഷെയർ ചെയ്യുകയായിരുന്നു. 

അനിൽ പനച്ചൂരാൻ എഴുതിയ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണമിട്ടത്. പാടിയത് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേർന്ന്. ഇത്തവണത്തെ ഓണാഘോഷത്തിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട പാട്ടും ഇതുതന്നെയാണ്. എണ്ണിയാലൊടുങ്ങാത്ത വിഡിയോകളാണ് ഈ പാട്ടിനെ ആധാരമാക്കി പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടുകളും വിഡിയോകളുമെല്ലാം ഏതൊക്കെ തലത്തിലാണ് എത്തിച്ചേരുകയെന്ന് പറയാൻ കഴിയില്ലെന്നു പറയുന്നു ജിമ്മിക്കി കമ്മൽ‌ ടീമിന്റെ അനുഭവം.