Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏ ആർ റഹ്മാൻ വീണ്ടും സഹോദരിയെക്കൊണ്ടു പാടിച്ചു: പെരുത്തിഷ്ടമായി ഈ കല്യാണപ്പാട്ട്

serattu-vandiyila

മണിരത്നം സിനിമകളിലെ പ്രണയവും കല്യാണവും നിലാവിന്റെ നിഴലുകൾ തീർക്കുന്ന ഭംഗിപോലുള്ളവയാണ്. ഏ ആർ റഹ്മാൻ ഈണങ്ങളിലുള്ള കല്യാണപ്പാട്ടുകളും പ്രണയഗാനങ്ങളുമാണ് ആ ഫ്രെയിമുകളെ ഇത്രയേറെ മനോഹരമാക്കുന്ന ഘടകങ്ങളിലൊന്ന്. കാട്രുവെളിയിടൈ എന്ന ചിത്രത്തിലും പ്രതീക്ഷിച്ചു അങ്ങനെയൊരു പാട്ട്.  പ്രതീക്ഷകൾക്ക് മഴവിൽ ചന്തം നൽകുകയാണ് സെരട്ടു വണ്ടിയില എന്ന പാട്ട്. ആ ഗാനം ഇന്ത്യയൊന്നാകെ ഏറെ ഇഷ്ടത്തോടെ കേട്ടിരിക്കുകയാണ്. ഏ ആർ റഹ്മാൻ മണിരത്നം സിനിമയ്ക്കായി തീർത്ത മറ്റൊരു സുന്ദരഗാനം എന്നതിനപ്പുറം ഇതിനു സ്വരമായവരിൽ ഒരാൾ ഏ ആർ റഹ്മാന്റെ സഹോദരി തന്നെയാണ് എന്നതാണ് ഏറ്റവും വലിയ വിശേഷം. ഏ ആർ റെയ്ഹാനയും ടിപ്പുവും നിഖിത ഗാന്ധിയും ചേർന്നാണ് വൈരമുത്തു എഴുതി റഹ്മാൻ ഈണമിട്ട ഈ പാട്ടു പാടിയത്.

വിരലിലെണ്ണാവുന്ന ഏ ആർ റഹ്മാൻ ഗാനങ്ങളേ റെയ്ഹാനയ്ക്കു പാടുവാൻ കിട്ടിയിട്ടുള്ളൂ. അക്കൂട്ടത്തിൽ ഏറ്റവും വലിയ ഹിറ്റ് ആയ ചലച്ചിത്ര ഗാനവും ഇതുതന്നെയാണ്. റെയ്ഹാനയുടെ സ്വരത്തിലെ ദൃഢതയും മാധുര്യവുമാണ് പാട്ടിലേക്ക് കേൾവിക്കാരന്റെ ശ്രദ്ധയെ ഏറ്റവുമധികം ആകര്‍ഷിക്കുന്നതും. പോയദിവസം റഹ്മാനും ദൈവത്തിനും നന്ദി പറഞ്ഞ് റെയ്ഹാന ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. റഹ്മാന്റെ ആദ്യ ചിത്രം തൊട്ട് ഇതുവരെയുള്ള മിക്ക സിനിമാ ഗാനങ്ങളിലും ബാക്കിങ് വോക്കലിൽ റെയ്ഹാനയും മറ്റൊരു സഹോദരിയായ ഇസ്രത് ഖ്വാദ്രിയും ഉൾപ്പെട്ടിരുന്നു. റഹ്മാന്റെ സ്റ്റേജ് ഷോകളിലും സജീവമാണ് ഇരുവരും. സംഗീത സംവിധായകന്‍ ജി വി പ്രകാശ് കുമാറിന്റെ അമ്മ കൂടിയാണ് റെയ്ഹാന. 

കന്നത്തിൽ മുത്തമിട്ടാലിലെ വിടൈ കൊട് എങ്കൾ നാടേ എന്ന പാട്ട് കൊച്ചടൈയാൻ, രാവണൻ, തുടങ്ങിയ സിനിമകൾ എന്നിവയിലാണ് റഹ്മാൻ സഹോദരിയ്ക്കു പാട്ടുകൾ നൽകിയിട്ടുള്ളത്. മാചി, ആടാത ആട്ടമെല്ലാ, കാതലഗി, എന്നൈ ഏതോ സെയ്തു വിട്ടായ്, കടൈസി പാക്കാം തുടങ്ങി പത്തിലധികം ചിത്രങ്ങൾക്ക് അവർ ഈണവുമിട്ടിട്ടുണ്ട്. ടി വി പരിപാടിയായ കോക് സ്റ്റുഡിയോയിൽ റഹ്മാൻ സംഗീത സംവിധാനം ചെയ്ത എന്നിലേ മഹാ ഒളിയോ എന്ന ഗാനം ഇസ്രത് ഖ്വാദ്രിയ്ക്കൊപ്പം ആലപിച്ചിട്ടുണ്ട്. റെയ്ഹാനയുടെ എക്കാലത്തേയും മികച്ച ഗാനവും ഇതുതന്നെ. സെരട്ടു വണ്ടിയില എന്ന പാട്ട് ഒരു ദിവസം കൊണ്ട് അഞ്ചു ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബു വഴി ആളുകൾ കണ്ടത്. റഹ്മാൻ തൊണ്ണൂറുകളിൽ ചിട്ടപ്പെടുത്തിയ പാട്ടിന്റെ ചേലാണ് ഈ ഗാനത്തിനെന്നാണ് വിലയിരുത്തൽ. 

ഏ ആർ റഹ്മാന്റെ പിതാവ് ആർ കെ ശേഖർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും പ്രഗത്ഭനായ സംഗീത സംവിധായകരിൽ ഒരാളായിരുന്നു. റഹ്മാന്‍ തെന്നിന്ത്യയും കടന്നു ഓസ്കർ വരെ നേടി ലോകത്തിന്റെ നെറുകയിലെത്തി. റഹ്മാന്റെ സഹോദരിമാരിൽ രണ്ടു പേർ, ഏ ആർ റെയ്ഹാനയും ഇസ്രത് ഖ്വാദ്രിയും മികച്ച ഗായികമാർ. റഹ്മാന്റെ മകൻ ഏ ആർ അമീനും മകൾ ഖദീജ റഹ്മാനും സിനിമയിൽ ഗാനങ്ങളിൽ പാടിയിരുന്നു. ഈ കുടുംബത്തിൽ നിന്ന് ഇന്ത്യ ഒരുവട്ടം കൂടി അറിയുകയാണ് പാട്ടിന്റെ മാധുര്യം. 

Your Rating: