ദുൽക്കർ സൽമാനും അനുപമ പരമേശ്വരനും പ്രണയജോഡികളായി ആടിപ്പാടിയ ഗാനം ശ്രദ്ധേയമാകുന്നു. ദുൽക്കറിന്റെ ബൈക്ക് യാത്രയും നൃത്തവും പ്രണയവുമൊക്കെ ദൃശ്യവൽക്കരിക്കുന്നു പാട്ടിൽ. അദ്ദേഹത്തിന്റെ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ആവിഷ്കാരം. നോക്കി നോക്കി നോക്കി നിന്നു എന്ന പാട്ടിലെ താളം നമുക്കും ഏറ്റുപാടാൻ തോന്നും. വരികൾ പറയുന്ന പോലെ ദൃശ്യങ്ങളും പിന്നെയും കാണാൻ തോന്നും. മൂന്നു ദിവസം മുൻപ് യുട്യൂബിലെത്തിയ ഗാനം എട്ടു ലക്ഷത്തോളം പ്രാവശ്യമാണ് ആളുകൾ കണ്ടത്.
വിദ്യാസാഗറാണു ഈണമിട്ടത്. മലയാളത്തിനു മറക്കാനാകാത്ത ഒട്ടേറെ മെലഡികൾ സമ്മാനിച്ച സംഗീത സംവിധായകനിൽ നിന്നു മറ്റൊരു മനോഹര ഗാനം കൂടി. അഭയ് ജോധ്‍പുർകറിന്റെയും മെറിൻ ഗ്രിഗറിയുടെയും സ്വരം കുസൃതി നിറഞ്ഞ ഈണത്തെ കൂടുതൽ മനോഹരമാക്കുന്നു.
സത്യൻ അന്തിക്കാടാണു ചിത്രം സംവിധാനം ചെയ്തത്. ദുല്‍ക്കറിന്റെ നായികയായി പ്രേമം നായിക അനുപമ പരമേശ്വർ എത്തുന്നു എന്ന കൗതുകം കൂടിയുള്ള ചിത്രത്തിലെ ഈ പാട്ടിന്റെ ടീസറും ഇതുപോലെ ഹിറ്റ് ആയിരുന്നു.