Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...

nadiya-moidu-nokketha-doorathu-kannumnattu

നിറയെ ജനലുകളും വെള്ള കർട്ടനുകളും കുരിശുമാലകളും വലിയ നാഴികമണിയുമുള്ള വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന മുത്തശിയ്ക്കരികിലേക്ക് മണിപോലെ ചിരിച്ച് ഒരുപാട് ബാഗുകളും തൂക്കിയെത്തിയ ഒരു കുസൃതിപ്പെണ്ണിനെ ഓർക്കാറില്ലേ...അവളുടെ ഈ പാട്ടും...കുഞ്ഞുനാളിൽ കയ്യിൽ കിട്ടുന്നതെന്തും സൂക്ഷിച്ചുവച്ചൊരു കുഞ്ഞുപെട്ടി വർഷങ്ങൾക്കിപ്പുറം വീടിന്റെ ഏതോ ഒരറ്റത്തു നിന്നു തിരികെ കിട്ടുമ്പോൾ എന്തു സന്തോഷമാണു തോന്നുന്നത് അതേ അനുഭവമാണ് ഈ ഗാനം കേൾക്കുമ്പോഴും...

ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ...കാലമെത്ര കഴിഞ്ഞിട്ടും നമ്മെ കൊതിപ്പിക്കുന്ന ഈണങ്ങൾക്കിടയിലാണിതും. മിഴിനീരു പൊഴിക്കുന്ന കുഞ്ഞിക്കണ്ണുകളിലേക്കു നോക്കി, കോളെജിലെ കാറ്റാടിമരത്തണലത്ത് കൂട്ടുകാരികളുടെ കൈകോർത്തിരുന്നു, അരുചികളുടെ മെസ്റൂമുകളിൽ ബഹളംവച്ച്‌, എങ്ങോട്ടെന്നില്ലാത്ത യാത്രകൾക്കിടയിൽ വണ്ടിയുടെ ഗ്ലാസിനരികെ ചേർന്നിരുന്ന് എത്രയോ വട്ടം ഈ പാട്ടു പാടിയിരിക്കുന്നു...

സിമ്പിൾ ആൻഡ് ബ്യൂട്ടിഫുൾ ഈണങ്ങളുടെ സംവിധായകൻ, ജെറി അമൽ ദേവിന്റെ ഈ പാട്ടിന്റെ ഏറ്റവും പ്രിയങ്കരമായ വശവും അത് ആർക്കും ഏറ്റുപാടാം എന്നുള്ളതു തന്നെ. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിനു ഈണമിട്ടുകൊണ്ട് അദ്ദേഹം തിരികെയെത്തിയപ്പോൾ പിന്നണിയിൽ താളംപിടിച്ചതും ഈ പാട്ടാണ്. കെ ജെ യേശുദാസ് പാടിയ ഗാനം എഴുതിയത് ബിച്ചു തിരുമലയാണ്. ...

കാത്തിരിപ്പിന്റെ സുഖവും നൊമ്പരവും അതു യാഥാർഥ്യമാകുമ്പോഴുള്ള സുഖവുമാണ് പാട്ടിൻ വരികളിൽ. ജീവിതത്തിനു നിറഭേദങ്ങൾ ചേർക്കുന്ന കാത്തിരിപ്പുകൾ. ആ കാത്തിരിപ്പിന്റെ ആഴം കൊണ്ടാണ്. അന്നേരങ്ങളിൽ ഇടയ്ക്കിടെ അറിയാതറിയാതെ കാതിലാരോ മൂളി കൂട്ടുകൂടാനെത്തുന്ന പാട്ടുകളിലൊന്നും ഇതു തന്നെ...ഓര്‍മകളിൽ പൂത്തുനിൽക്കുന്ന മഞ്ഞമന്ദാരം പോലെ...

Your Rating: