Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കൽ പ്രവേശനം 2750 സീറ്റുകളിലേക്ക്

medical

തിരുവനന്തപുരം ∙ കേരളത്തിലെ 12 മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (എംസിഐ) അനുമതി നിഷേധിച്ചതോടെ അവസരം നഷ്ടപ്പെടുമെന്ന ആശങ്കയിൽ വിദ്യാ‍ർഥികൾ. നിലവിലെ സാഹചര്യത്തിൽ ഇത്തവണ 2750 സീറ്റുകളിലേക്കായിരിക്കും പ്രവേശനം; കഴിഞ്ഞ വർഷത്തേക്കാള്‍ 1200 സീറ്റുകൾ കുറവ്. ഇത്തവണ പ്രവേശനത്തിന് അനുമതി തേടിയ മൂന്നു പുതിയ കോളജുകളിലെ സീറ്റുകൾകൂടി പരിഗണിച്ചാൽ ആകെ 1600 സീറ്റുകളുടെ കുറവ്.

നിലവിലുള്ള സീറ്റുകളിലേക്കു പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 20ന് അകം പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ ഓഗസ്റ്റ് 15ന് അകം പൂർത്തിയാകും.

പാലക്കാട് ഗവ. മെഡിക്കൽ കോളജിലെ പ്രവേശനത്തിന് അനുമതി നിഷേധിക്കപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. ഇടുക്കി ഗവ. മെഡിക്കൽ കോളജിൽ പ്രവേശനത്തിനു സർക്കാർ കാര്യമായി ശ്രമിച്ചിരുന്നതുമില്ല.

പ്രവേശനത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെതിരെ നിയമസഹായം തേടാനാണ് ഒൻപതു സ്വാശ്രയ കോളജ് മാനേജ്മെന്റുകളുടെ തീരുമാനം. ചില കോളജുകൾ ഇതിനകം ഹൈക്കോടതിയെ സമീപിച്ചുകഴിഞ്ഞു. എന്നാൽ, പ്രവേശനാനുമതി സംബന്ധിച്ചു സുപ്രീംകോടതിയുടെ കർശന നിർദേശമുള്ളതിനാൽ ഇതു ഫലവത്താകുമോ എന്ന സംശയവുമുണ്ട്. 

കഴിഞ്ഞവർഷവും ആറു സ്വാശ്രയ മെഡിക്കൽ കോളജുകൾക്ക് ആദ്യഘട്ടത്തിൽ മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചിരുന്നു. പിന്നീട് കോടതിവിധിയുടെ അടിസ്ഥാനത്തിൽ അനുമതി നേടി. പാലക്കാട് ഗവ. മെഡിക്കൽ കോളജിന് അനുമതി നേടിയെടുക്കാനായി സർക്കാർ തലത്തിലുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്നാണു സൂചന.

നിലവിലെ സീറ്റുകള്‍

∙എട്ടു സർക്കാർ മെഡിക്കൽ കോളജുകൾ: 1100 സീറ്റ്

∙പരിയാരം മെഡിക്കൽ കോളജ്: 100 സീറ്റ്

∙14 സ്വാശ്രയ കോളജുകൾ: 1550 സീറ്റ്

related stories