Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരക്കോണം മെഡി. കോളജ് പ്രവേശനം: വിശദീകരണം തേടി ഹൈക്കോടതി

bishop-bribe-08

തിരുവനന്തപുരം∙ സിഎംഎസ് ആംഗ്ലിക്കന്‍ സഭയുടെ ക്വോട്ടയില്‍ കാരക്കോണം മെഡിക്കൽ കോളജിൽ നടത്തിയ പ്രവേശനത്തില്‍ ഹൈക്കോടതി ഇടപെടല്‍. അഞ്ചു കുട്ടികളുടെ പ്രവേശനക്കാര്യത്തില്‍ കോളജിനോടും സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി. ഇവരില്‍ നാലുപേരും ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണു പ്രവേശനം നേടിയത്. ബിഷപ്പ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മനോരമ ന്യൂസിനു ലഭിച്ചിരുന്നു.

കാരക്കോണത്ത് പ്രവേശനം ലഭിക്കാത്ത സിഎസ്ഐ സമുദായാംഗങ്ങളായ മൂന്നു കുട്ടികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കൊല്ലം, കോയമ്പത്തൂര്‍, പത്തനംതിട്ട, ചങ്ങനാശേരി, തിരുവനന്തപുരം സ്വദേശികളായ അഞ്ച് വിദ്യാര്‍ഥികളാണു സിഎംഎസ് ആംഗ്ലിക്കന്‍ സഭയ്ക്കു നീക്കിവച്ച സീറ്റുകളില്‍ അഡ്മിഷന്‍ നേടിയത്. നാലുപേര്‍ ഹാജരാക്കിയത് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് നല്‍കിയ സര്‍ട്ടിഫിക്കറ്റുകളാണ്.

ഇതില്‍ മൂന്നു പേര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പാണ് മനോരമ ന്യൂസിനു ലഭിച്ചത്. മൂന്നിലും ബിഷപ്പിന്റെ ഒപ്പിന് ഇടതുവശത്തായി വ്യത്യസ്തമായ സ്ഥലങ്ങളാണു രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റു സഭകളില്‍ അംഗങ്ങളായ ഈ കുട്ടികള്‍ ബിഷപ്പിന്റെ വ്യാജ സാക്ഷ്യപ്പെടുത്തല്‍ ഹാജരാക്കിയാണു പ്രവേശനം നേടിയതെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണു കോടതി വിശദീകരണം തേടിയത്.

കുട്ടികള്‍ക്കും കാരക്കോണം കോളജിനും ബിഷപ്പിനും സര്‍ക്കാരിനും എന്‍ട്രന്‍സ് കമ്മിഷണര്‍ക്കും വിജിലന്‍സിനും നോട്ടിസ് അയക്കുകയും ചെയ്തു. കേസിലെ അന്തിമവിധിക്കു വിധേയമായിരിക്കും വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്റെ സാധുതയെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കേസിനെക്കുറിച്ചൊന്നും ആശങ്ക വേണ്ടെന്നാണു ബിഷപ്പ് ഡേവിഡ് വി.ലൂക്കോസിന്റെ നിലപാട്. തിങ്കളാഴ്ച ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ഇതിനിടെ, കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തോടനുബന്ധിച്ചു കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.ബെന്നറ്റ് ഏബ്രഹാം, പ്രിൻസിപ്പൽ ഡോ. പി.മധുസൂദനൻ എന്നിവരെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സസ്പെൻഡ് ചെയ്തു.

സർട്ടിഫിക്കറ്റ് നൽകാൻ സിഎംഎസ് ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങിയ സംഭവവുമായി ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയ്ക്കു ബന്ധമില്ലെന്നു സഭാ അധികൃതർ കോട്ടയത്ത് അറിയിച്ചു. സിഎംഎസ് ആംഗ്ലിക്കൻ എന്ന പേരിൽ ഒരു സഭയോ തിരുവിതാംകൂർ – കൊച്ചി എന്ന മഹായിടവകയോ നിലവിലില്ലെന്നും അവർ വ്യക്തമാക്കി.

related stories