Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ വെബ്സൈറ്റും മരവിപ്പിച്ചു; മെഡിക്കൽ വിദ്യാഭ്യാസരംഗം സ്തംഭനത്തിൽ

medical-education-representational-image Representational image

കോട്ടയം ∙ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ പിരിച്ചുവിട്ടതിനു പിന്നാലെ വെബ്സൈറ്റും മരവിപ്പിച്ചു. വിവിധ ആവശ്യങ്ങൾക്കു കൗൺസിലിൽ  ബന്ധപ്പെടേണ്ട ഡോക്ടർമാരും വിദ്യാർഥികളും സ്ഥാപനങ്ങളും ഇതോടെ പ്രതിസന്ധിയിലായി.

100 അംഗ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ രണ്ടാഴ്ച മുൻപാണു കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത്. ഏഴംഗ താൽക്കാലിക സമിതിക്കു ചുമതല നൽകി. 

മെഡിക്കൽ വിദ്യാഭ്യാസരംഗത്തു റജിസ്ട്രേഷൻ മുതൽ സ്വഭാവ സർട്ടിഫിക്കറ്റ് വരെ വിവിധ ആവശ്യങ്ങൾക്കുള്ള ഏകജാലകമായ www.mciindia.org ആണ് പ്രവർത്തന രഹിതമായത്. ഇതു മരവിപ്പിച്ചതോടെ കോഴ്സ് കഴിഞ്ഞ വിദ്യാർഥികളുടെ റജിസ്ട്രേഷൻ, ഉപരിപഠന അനുമതി, അംഗീകാരങ്ങൾ എന്നിവ മുടങ്ങി. 

എംഡി, എംബിബിഎസ് കോഴ്സുകൾ കഴിഞ്ഞ വിദ്യാർഥികൾക്കു റജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ല. എംഡി കഴിഞ്ഞവർക്ക് ഉപരിപഠനത്തിന് അപേക്ഷ നൽകേണ്ട തീയതി 12 നു കഴിയും. വിദേശ ഉപരിപഠനത്തിന് അപേക്ഷിക്കാനുള്ള സമയവും ഈ മാസം കഴിയും. 

താൽക്കാലിക കമ്മിറ്റി പ്രവർത്തനം ആരംഭിക്കാത്തതിനാൽ മെഡിക്കൽ കോളജുകളുടെ പരിശോധന നിലച്ചു.  കേരളത്തിലെ ആറു മെഡിക്കൽ കോളജുകളുടെ അംഗീകാരത്തെ ബാധിക്കും. കൗൺസിൽ നിർദേശിച്ച സൗകര്യങ്ങൾ ഒരുക്കിയ മെഡിക്കൽ കോളജുകൾ തുടർപരിശോധനയ്ക്കായി കാത്തിരിക്കുമ്പോഴാണു കൗൺസിൽ ഇല്ലാതാകുന്നത്.