Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യാന്തര ചലച്ചിത്ര മേള ഇന്നു സമാപിക്കും

iffk-2018

തിരുവനന്തപുരം∙ഏഴു ദിനരാത്രങ്ങൾ നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്നു സമാപനം.സർക്കാരിന്റെ ധനസഹായമില്ലാതെ സംഘടിപ്പിച്ചു ചരിത്രത്തിൽ ഇടം നേടിയ മേളയ്ക്കു കൂടിയാണ് ഇന്നു കൊടിയിറങ്ങുന്നത്. വൈകുന്നേരം ആറിനു നിശാഗന്ധിയിൽ നടക്കുന്ന സമാപന യോഗവും പുരസ്‌കാര സമർപ്പണവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വി.എസ് സുനിൽകുമാർ,എ.കെ. ബാലൻ തുടങ്ങിയവർ പങ്കെടുക്കും.

നിളയിൽ മൂന്നരയ്ക്കു നടക്കുന്ന ഷോയോടെ സാധാരണ പ്രദർശനങ്ങൾ അവസാനിക്കും.വൈകിട്ട് സുവർണ ചകോരം നേടുന്ന ചിത്രത്തിന്റെ പ്രദർശനം സമാപനച്ചടങ്ങിനു ശേഷം നടക്കും. വിവിധ വിഭാഗങ്ങളിലായി എട്ടു പുരസ്‌കാരങ്ങളാണു നൽകുന്നത്. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനു കെ.ആർ മോഹനൻ എൻഡോവ്‌മെന്റ് പുതിയതായി ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഈ പുരസ്‌കാരത്തിനു പരിഗണിക്കുക. 

ഏഷ്യ, ആഫ്രിക്ക,ലാറ്റിൻ‌ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 14 ചിത്രങ്ങളാണു മത്സരവിഭാഗത്തിൽ ഉള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാളചിത്രങ്ങളും സുവർണചകോരത്തിനായി മത്സരരംഗത്തുണ്ട്. തലസ്ഥാനത്തെ 14 തിയറ്ററുകളിലായി നടക്കുന്ന മേളയ്ക്ക് ആവശ്യമായ പണം, ഡെലിഗേറ്റ് ഫീസിലൂടെ ചലച്ചിത്ര അക്കാദമി സമാഹരിക്കുകയായിരുന്നു. പൂർണമായും പ്രേക്ഷകരുടെ മേളയ്ക്കു കൂടിയാണ് തിരശീല വീഴുക.