Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപകരെ ഒപ്പം നിർത്തുക ഇൻഫിയുടെ ലക്ഷ്യം

Infosys

ബെംഗളൂരു ∙ ഇൻഫോസിസിന്റെ കൈവശം പണമായുള്ള മുപ്പത്തിയൊൻപതിനായിരത്തിലേറെ കോടി രൂപ (610 കോടി ഡോളർ) ഓഹരി വിപണിയിൽ ഉപയോഗപ്പെടുത്തണമെന്ന നിക്ഷേപകരുടെ ആവശ്യമാണു ഷെയർ ബൈബാക്ക് (ഓഹരി തിരികെ വാങ്ങൽ) തീരുമാനത്തിനു പിന്നിൽ.

കോഗ്നിസന്റ് (21,000 കോടിയിലേറെ രൂപ), ടിസിഎസ് (16,000 കോടി), എച്ച്സിഎൽ ടെക്നോളജീസ് (3,500 കോടി) എന്നിങ്ങനെ മറ്റു പ്രമുഖ ഐടി കമ്പനികൾ ഓഹരി തിരികെവാങ്ങൽ പദ്ധതി പ്രഖ്യാപിച്ചതോടെ ഇൻഫോസിസിനു മേലും നിക്ഷേപക സമ്മർദം ശക്തമായിരുന്നു. കമ്പനിയുടെ 36 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഓഹരികൾ തിരികെവാങ്ങുന്നത്. 13,000 കോടി രൂപ ചെലവിട്ട് 11,30,43,478 കോടി ഓഹരികളാണു തിരിച്ചെടുക്കാൻ ലക്ഷ്യമിടുന്നത്.

കോ ചെയർമാൻ രവി വെങ്കടേശൻ, എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ വിശാൽ സിക്ക, ഇടക്കാല സിഇഒ യും എംഡി യുമായ പ്രവീൺ റാവു എന്നിവരുൾപ്പെടെയുള്ള ഏഴംഗ സമിതി നടപടികൾക്കു മേൽനോട്ടം വഹിക്കും. സമയക്രമം പിന്നീട് അറിയിക്കും. സിഇഒ സ്ഥാനത്തു നിന്നു വിശാൽ സിക്ക രാജി വച്ചതിനെ തുടർന്ന് ഓഹരി വിപണിയിലുണ്ടായ ഇടിവു താൽക്കാലികമാണെന്ന് ഇൻഫോസിസ് വിലയിരുത്തുന്നു.

ഓഹരിയൊന്നിന് 1,150 രൂപ തിരികെവാങ്ങൽ നിരക്കു പ്രഖ്യാപിച്ചതും വിപണിയിൽ കരുത്താർജിക്കാൻ തന്നെ. അതിനിടെ, കമ്പനിയുടെ അഡീഷനൽ ഡയറക്ടറായ ഡി. സുന്ദരത്തെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കാനുള്ള ബോർഡ് തീരുമാനം ഓഹരിയുടമകളുടെ അംഗീകാരത്തിനായി വിട്ടു.

എന്താണ് ഓഹരി തിരികെവാങ്ങൽ

വിപണിയിലുള്ള ഓഹരികളുടെ എണ്ണം കുറയ്ക്കുന്നതു ലക്ഷ്യമിട്ട്, ഓഹരികൾ കമ്പനി തിരികെ വാങ്ങുന്ന രീതി. കമ്പനിയുടെ ഭാവി ശോഭനമാണെന്നതിന്റെ സൂചനയാണ് ഓഹരി തിരികെവാങ്ങൽ. മിച്ചമുള്ള മൂലധനം നിക്ഷേപകർക്കു തിരിച്ചുനൽകുന്നതിലൂടെ അവർക്കു കൂടുതൽ ലാഭം ഉറപ്പാക്കുക, നിക്ഷേപക വിശ്വാസ്യത കൂട്ടുക, ഓഹരി മൂല്യത്തിൽ ബാഹ്യ ഇടപെടലുകൾ കുറയ്ക്കുക, ഓഹരി വില കുത്തനെ താഴേക്കു പോകാതെ നിയന്ത്രിക്കുക തുടങ്ങി ഓഹരി തിരികെവാങ്ങലിന്റെ ലക്ഷ്യങ്ങൾ പലതാണ്.

ഇൻഫി നേരിടുന്ന വെല്ലുവിളികൾ

ലോകമെമ്പാടുമുള്ള മാന്ദ്യം മൂലം ഐടി മേഖലയിലുണ്ടായ തളർച്ച, ഔട്ട് സോഴ്‍സിങ്ങിനെതിരെ യുഎസ്, യുകെ എന്നിവിടങ്ങളിലെ എതിർപ്പ് തുടങ്ങി വിവിധ ഘടകങ്ങൾ ഇൻഫോസിസ് ഉൾപ്പെടെയുള്ള ഐടി കമ്പനികൾക്കു മുന്നിൽ വെല്ലുവിളിയാണ്. ക്ലൗഡ് കംപ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടമേഷൻ തുടങ്ങി വൈവിധ്യവൽക്കരണത്തിലൂടെ മുന്നേറാനുള്ള പദ്ധതികൾക്ക് ഇൻഫോസിസ് തുടക്കമിട്ടു കഴി‍ഞ്ഞു. അതിനിടയിലാണു സിഇഒ സ്ഥാനത്തു നിന്നു വിശാൽ സിക്കയുടെ പെട്ടെന്നുള്ള രാജി. സിക്ക പിന്മാറിയാലും ഇൻഫോസിസ് ഫൗണ്ടേഷനും ബോർഡും തമ്മിലുള്ള തർക്കങ്ങൾ ഉടനെ തീരാനിടയില്ലെന്നതും വെല്ലുവിളിയാകും.