Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിലെ അരിസോണയിൽ തദ്ദേശീയരായ 1000 ഐടി വിദഗ്ധരെ നിയമിക്കുമെന്ന് ഇൻഫോസിസ്

Infosys

ബെംഗളൂരു∙ അമേരിക്കയിലെ അരിസോണയിൽ തദ്ദേശീയരായ 1000 ഐടി വിദഗ്ധർക്കു നിയമനം നൽകുമെന്ന് സോഫ്റ്റ്‍വെയർ രംഗത്തെ ഇന്ത്യൻ അതികായരായ ഇൻഫോസിസ്. ഐടി മേഖലയിലെ വിദഗ്ധരുടെ കാര്യത്തിൽ തദ്ദേശീയരും മറ്റു രാജ്യക്കാരും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിന്‍റെ ഭാഗമായി 2023 നകം 10,000 യുഎസ് പൗരൻമാർക്കു ജോലി നൽകാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണു പുതിയ നിയമനങ്ങൾ.

തദ്ദേശീയരായ ആയിരം ഐടി വിദഗ്ധരെ ജോലിക്കെടുത്ത് അരിസോണയില്‍ പുതിയ ടെക്നോളജി–കം– ഇന്നവേഷൻ ഹബ് തുടങ്ങാനാണു തീരുമാനമെന്ന് ഇൻഫോസിസ് അറിയിച്ചു. 2023നകം 10,000 തദ്ദേശീയര്‍ക്കു ജോലി നൽകുകയും നാലോ അഞ്ചോ ടെക്നോളജി –കം – ഇന്നവേഷൻ ഹബ് ആരംഭിക്കുകയും ചെയ്യുമെന്ന തീരുമാനത്തിന്‍റെ ഭാഗമായാണു നടപടി. ഈയൊരു സ്വയംപ്രഖ്യാപനത്തിന്‍റെ ഭാഗമായി ഇതുവരെ 5874 അമേരിക്കക്കാരെ തങ്ങള്‍ ജോലിക്കെടുത്തിട്ടുണ്ടെന്നും ഇൻഫോസിസ് വ്യക്തമാക്കി. സംസ്ഥാനത്തിലെ കോളജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നും ബിരുദധാരികളെയും പ്രദേശവാസികളായ ഐടി  മേഖലയിലുള്ളവരെയും തിരഞ്ഞെടുത്തു മികച്ച പരിശീലനം നൽകി പ്രവർത്തന മികവു വർധിപ്പിക്കുകയാണു ലക്ഷ്യം. 

എച്ച് വൺ ബി വീസയുടെ കാര്യത്തിൽ യുഎസ് പ്രസിഡന്‍റ് ഏപ്രിൽ 2017ൽ പുറത്തിറക്കിയ എക്സിക്യൂട്ടിവ് ഉത്തരവിന്‍റെ അനന്തര ഫലമായാണു കൂടുതൽ തദ്ദേശീയരെ നിയമിക്കാനുള്ള തീരുമാനം വിലയിരുത്തപ്പെടുന്നത്. ഇൻഫോസിസിന്‍റെ സോഫ്റ്റ്‍വെയർ കയറ്റുമതിയുടെ 60 ശതമാനവും വടക്കൻ അമേരിക്കയുടെ സംഭാവനയാണ്.