Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ രാജിവച്ചു

sp-sundar-4col സുന്ദർ രാമൻ

ന്യൂഡൽഹി∙ ഒത്തുകളി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബിസിസിഐ നടപടി മുന്നിൽ കണ്ട് ഐപിഎൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (സിഒഒ) സ്ഥാനം സുന്ദർ രാമൻ രാജിവച്ചു. ഐപിഎല്ലിന്റെ തുടക്കകാലം മുതൽ ലളിത് മോദിയുടെയും പിന്നീട് എൻ. ശ്രീനിവാസന്റെയും വിശ്വസ്തനായിരുന്ന രാമനെതിരെ പുതിയ ബിസിസിഐ മേധാവി ശശാങ്ക് മനോഹറിന്റെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണു രാജിയിൽ കലാശിച്ചത്. രാജിവച്ചില്ലെങ്കിൽ പുറത്താക്കുമെന്ന മനോഹറിന്റെ ശക്തമായ നിലപാടിനു മുന്നിൽ അടിയറവ് പറഞ്ഞാണ്, ഐപിഎൽ നേതൃപദവിയിൽ നിന്ന് രാമൻ പടിയിറങ്ങിയത്.

നാഗ്പുരിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ അദ്ദേഹം തന്റെ രാജിക്കത്ത് ശശാങ്കിനു കൈമാറി. രാജി ബിസിസിഐ അംഗീകരിച്ചതായി ഐപിഎൽ ചെയർമാൻ രാജീവ് ശുക്ള അറിയിച്ചു. ഈ മാസം ഒൻപതിന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ രാമനെ പുറത്താക്കാൻ ബിസിസിഐ തീരുമാനിച്ചിരുന്നു.

ഒത്തുകളി കേസന്വേഷിച്ച ജസ്റ്റിസ് ആർ.എം. ലോധ സമിതി 15നു രാമനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ, ഒരു നിമിഷം പോലും അദ്ദേഹത്തെ ഐപിഎൽ നേതൃപദവിയിൽ തുടരാൻ അനുവദിക്കരുതെന്നായിരുന്നു ബിസിസിഐയിലെ ഭൂരിപക്ഷ അഭിപ്രായം. 2013 ഐപിഎൽ സീസണിലെ ക്രമക്കേടുകളിൽ രാമനു പങ്കുണ്ടെന്നു സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജസ്റ്റിസ് മുദ്ഗൽ സമിതി മുൻപു വ്യക്തമാക്കിയിരുന്നു.

ക്രമക്കേട് നടത്തിയവരുടെ പട്ടികയിൽ പന്ത്രണ്ടാമനായാണു സമിതി റിപ്പോർട്ടിൽ രാമന്റെ പേര് രേഖപ്പെടുത്തിയിരുന്നത്. ടൂർണമെന്റ് നടക്കുന്നതിനിടെ വാതുവയ്പുകാരനുമായി രാമൻ എട്ടു തവണ ബന്ധപ്പെട്ടു എന്നായിരുന്നു കണ്ടെത്തൽ.

ചെന്നൈ ടീം പ്രിൻസിപ്പലും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പൻ, രാജസ്ഥാൻ ടീം സഹ ഉടമ രാജ് കുന്ദ്ര എന്നിവർ വാതുവയ്പുകാരുമായി നടത്തിയ ഇടപാടുകൾ അറിഞ്ഞിട്ടും അക്കാര്യം രാജ്യാന്തര ക്രിക്കറ്റ് സമിതിയെ അറിയിക്കാത്തതും രാമനെ വെട്ടിലാക്കി. രാമനെ പുറത്താക്കണമെന്ന് ശശാങ്ക് ഉൾപ്പെടെയുള്ളവർ അന്നു മുതൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീനിവാസന്റെ വലംകൈ എന്ന മേൽവിലാസം അദ്ദേഹത്തിനു തുണയായി.

ആരോപണം ഉയർന്നതിനു പിന്നാലെ ശ്രീനിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ സംഘം രാമനിൽ നിന്നു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. താൻ ബന്ധപ്പെട്ട ആൾ വാതുവയ്പ് സംഘാംഗമാണെന്ന് അറിഞ്ഞിരുന്നില്ലെന്നു രാമൻ നൽകിയ വിശദീകരണം അംഗീകരിച്ച ശ്രീനിയും കൂട്ടരും അദ്ദേഹത്തിനെതിരെ നടപടിയൊന്നും സ്വീകരിച്ചില്ല.

സുപ്രീം കോടതിയിൽ നടക്കുന്ന കേസിൽ രാമനെ പിന്തുണയ്ക്കാനും അന്നു ബിസിസിഐ തീരുമാനിച്ചു. ശ്രീനിക്കു പിന്നാലെ, ബിസിസിഐ തലപ്പത്ത് ശശാങ്ക് എത്തിയതു മുതൽ രാമന്റെ നില പരുങ്ങലിലായിരുന്നു. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടുമായി സ്ഥാനമേറ്റ ശശാങ്ക്, രാമനെതിരായ നടപടികൾക്കു വേഗം കൂട്ടി. പുറത്താക്കും മുൻപ് രാമൻ സ്വയം രാജിവച്ചൊഴിഞ്ഞതോടെ ശശാങ്കിന്റെ ജോലി എളുപ്പമായി.

related stories
Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.