Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങര: ആശ്വസിച്ച് മുന്നണികൾ; അമ്പരന്ന് ബിജെപി

Vengara By-election

യുഡിഎഫിനു പിടിച്ചുനിൽക്കാനും എൽഡിഎഫിന് ആശ്വസിക്കാനും വക നൽകുന്നതാണു വേങ്ങരയിലെ ജനവിധി. ഫലം ഇങ്ങനെയൊക്കെയാകുമെന്നു പ്രവചിക്കപ്പെട്ടതാണെങ്കിൽ കൂടി ആകെ പിഴച്ചുപോയതു ബിജെപിക്കാണ്. മൂന്നാം ശക്തിയായി ഉയരാൻ ആഗ്രഹിക്കുന്ന പാർട്ടി ഉപതിരഞ്ഞെടുപ്പിൽ ഫിനിഷ് ചെയ്തതു നാലാമതായി മാത്രം. ദേശീയ നേതൃത്വത്തിനു മുന്നിൽ സംസ്ഥാന ഘടകം വീണ്ടും തലകുനിക്കേണ്ടിവരുന്നു. 

അട്ടിമറി വിജയം സ്വപ്നമായിരുന്നുവെങ്കിലും യാഥാർഥ്യം അതാകില്ലെന്ന് എൽഡിഎഫിനും അറിയാമായിരുന്നു. വോട്ട് വിഹിതം കൂട്ടുക, യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കുക എന്നീ രണ്ടു ലക്ഷ്യങ്ങളും അവർ നേടി. എങ്കിലും 23,310 വോട്ടിന്റെ തോൽവി നിസാരമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യുഡിഎഫ് ജയിച്ച 12 സീറ്റുകളിൽ ഇതിൽ കൂടുതൽ ഭൂരിപക്ഷം കിട്ടിയതു വേങ്ങരയിൽ കൂടാതെ, മലപ്പുറത്തും വണ്ടൂരും മാത്രം. 25,000–30,000 ഇടയിലുള്ള മാർജിനാണു യുഡിഎഫ് നേതൃത്വം കണക്കുകൂട്ടിയതെങ്കിൽ അൽപ്പം കുറഞ്ഞു. ഇത്രയും വലിയ പതനം ബിജെപിക്കു വന്നപ്പോൾ നിശബ്ദമായി എസ്ഡിപിഐ മുന്നേറിയതു വിചാരിക്കാത്ത കാര്യമാണെന്നതു മുന്നണികളെ ചിന്തിപ്പിക്കുകയും ചെയ്യും. 

പിരിമുറുക്കം അയഞ്ഞ് യുഡിഎഫ് 

സോളർ ബോംബിനു പിന്നാലെ വേങ്ങര കൂടി ചതിച്ചിരുന്നുവെങ്കിലത്തെ ആപത്ത് അകന്നു. ഭൂരിപക്ഷം ഇരുപതിനായിരത്തിലും താഴേക്കു പോകുമെന്ന സിപിഎം പ്രചാരണം ചിലർക്കെങ്കിലും ഉദ്വേഗമുണ്ടാക്കിയെങ്കിൽ ആ ആശങ്കയും അസ്ഥാനത്തായി. പി.കെ. കുഞ്ഞാലിക്കുട്ടിക്കു സമാഹരിക്കാൻ സാധിക്കുന്ന വോട്ടുകൾ കെ.എൻ.എ. ഖാദറിനു ലഭിക്കില്ലെന്ന നിഗമനം കോൺഗ്രസ് നേതൃത്വത്തെ ലീ ഗ് അറിയിച്ചിരുന്നു. 

മലപ്പുറത്തെ ഉജ്വല വിജയത്തിനു പിന്നാലെ വേങ്ങര കൂടി അനായാസം കടന്നതോടെ ലീഗിനു യുഡിഎഫ് രാഷ്ട്രീയത്തിലുള്ള സ്വാധീനം കൂടും. സ്വന്തം മണ്ണിൽ ചോർച്ചയുണ്ടായോ എന്ന ആത്മപരിശോധനയും വേണ്ടിവരും. 

18ന് ലീഗ് സെക്രട്ടേറിയറ്റ് യോഗവും യുഡിഎഫിനൊപ്പം ചേരുന്നുണ്ട്. പിണറായി സർക്കാരിന്റെ കാലത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനു നേട്ടം അവകാശപ്പെടാമെങ്കിലും പാർലമെന്റ്– നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ വൻതോൽവികൾ സമ്മാനിക്കാനായതു യുഡിഎഫിൽ ആത്മവിശ്വാസം നിറയ്ക്കും. ഇടതുസർക്കാരിനും ബിജെപിക്കും തിരിച്ചടി നൽകുകയെന്ന രണ്ടു ലക്ഷ്യങ്ങളും വേങ്ങര വഴി മുന്നണി നിറവേറ്റിയിരിക്കുന്നു. 

ഉണർവോടെ എൽഡിഎഫ് 

മാറുന്ന മലപ്പുറത്തെക്കുറിച്ച് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സിപിഎം സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതീക്ഷാപൂർവമുള്ള വിശകലനത്തെ പ്രോത്സാഹിപ്പിക്കുന്നതാണു വേങ്ങരയിൽ അവർക്കു നേടാനായ കൂടുതൽ വോട്ട്. സിപിഎമ്മിനു വിവിധ കമ്മിറ്റികൾ ഉണ്ടെന്നല്ലാതെ ആഴത്തിലുള്ള സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. എണ്ണം തികയ്ക്കാൻ ഘടകകക്ഷികൾക്കു വിട്ടുകൊടുക്കുന്ന സീറ്റുകളുടെ പട്ടികയിലുള്ള മലപ്പുറത്തെ മണ്ഡലങ്ങളിൽ സിപിഎം നേരിട്ടോ പാർട്ടിയുടെ സ്വതന്ത്രനോ മത്സരിച്ചാൽ മാറ്റമുണ്ടാകുമെന്നു നേതൃത്വം ഉറപ്പിക്കും. പ്രചാരണരംഗത്തു പാർട്ടിക്കാരല്ലാത്ത ചെറുപ്പക്കാരുടെ വർധിച്ച സാന്നിധ്യം ഇത്തവണത്തെ വ്യത്യാസമായും സിപിഎം കാണുന്നു. ഇതൊക്കെയെങ്കിലും ന്യൂനപക്ഷ സംരക്ഷക വേഷം അണിയാൻ ആഗ്രഹിക്കുമ്പോൾ സ്വന്തം സർക്കാരിനു കീഴിൽ നടന്ന ഒരു ഉപതിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പോലെ തീവ്രനിലപാടുള്ള ഗ്രൂപ്പ് മൂന്നാം സ്ഥാനത്തെത്തിയതിന്റെ നാനാർഥങ്ങൾ സർക്കാരിനും ഇടതുമുന്നണിക്കും ഗൗരവമായി എടുക്കേണ്ടിവരും. 

കൊഴിഞ്ഞ താമര 

രാജ്യത്തെ ബിജെപി നേതൃത്വമാകെ ഇവിടെയെത്തി ഇടതു–വലതുമുന്നണികൾക്കെതിരെ പ്രചണ്ഡപ്രചാരണം അഴിച്ചുവിടുന്നതിനിടയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നാംസ്ഥാനത്തു പോലുമെത്താൻ കഴിഞ്ഞില്ലെന്നതു ബിജെപിയെ വേട്ടയാടും. ആറു പഞ്ചായത്തുകളുള്ള മണ്ഡലത്തിൽ ഒരു പഞ്ചായത്തിൽ ശരാശരി ആയിരം വോട്ടുപോലും കിട്ടിയില്ലെന്നതു കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഇണങ്ങുന്ന പ്രകടനമല്ല. യോഗി ആദിത്യനാഥിനെയടക്കം ജനരക്ഷായാത്രയുടെ തുടക്കത്തിലിറക്കിയ തന്ത്രം വേങ്ങരയിൽ തിരിച്ചടിച്ചോ എന്ന ഖേദത്തിലാണു സംസ്ഥാന നേതാക്കൾ. മുസ്‍ലിം വിഭാഗങ്ങൾ കൂടെ വരാനിടയില്ല എന്ന വിലയിരുത്തലോടെ കൂടുതൽ ഹിന്ദുത്വ ലൈനിലേക്കു പോകണമെന്നു വാദം കനപ്പിക്കുന്നവർക്ക് ആ വോട്ടെങ്കിലും വേങ്ങരയിൽ കിട്ടിയോ എന്നും പരിശോധിക്കേണ്ടിവരും.