Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺപടയെ ‘തടഞ്ഞ്’ നാഗാലാൻഡ്; ഇവിടെ ഇത്തവണയും വനിതാ സാമാജികരില്ല

Nagaland-Voters നാഗാലാ‍ൻഡ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ നിൽക്കുന്നവർ. (ട്വിറ്റർ ചിത്രം)

ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി പോർക്കളത്തിലിറങ്ങിയ പെൺപടയ്ക്ക് സമ്പൂർണ തോൽവി. മൽസരിച്ച അ‍ഞ്ചുപേരും പരാജയപ്പെട്ടതോടെ ഇത്തവണയും നാഗാലാൻഡ് നിയമസഭയിൽ വനിതാ സാമാജികർ ഉണ്ടാവില്ലെന്ന് ഉറപ്പായി.

നാഗാലാൻഡ് നിയമസഭയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രാതിനിധ്യം എന്ന പ്രതിക്ഷയോടെയാണ് അഞ്ച് സ്ഥാനാർഥികൾ ഇത്തവണ മൽസരരംഗത്തെത്തിയത്. നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) സ്ഥാർഥികളായി വീദിയെ ഉ ക്രോണു (ദിമാപൂർ – 3 മണ്ഡലം), ഡോ. കെ. മംഗ്യാങ്പുല (നോക്സെൻ മണ്ഡലം) എന്നിവരാണ് ജനവിധി തേടിയത്. തുയെൻസാങ് സദാർ –2 മണ്ഡലത്തിൽ നിന്നു ബിജെപി സ്ഥാനാർഥിയായി രാഖില മൽസരിച്ചപ്പോൾ നാഷനലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി)യെ പ്രതിനിധീകരിച്ച് ഓബോയ് മണ്ഡലത്തിൽ അവാൻ കൊൻയാക്കും, ചിസാമി മണ്ഡലത്തിൽ നിന്നു സ്വതന്ത്ര സ്ഥാനാർഥിയായി രേഖ റോസ് ഡുക്രുവും മൽസരരംഗത്തുണ്ടായിരുന്നു.

ഇവരിൽ ഓബോയ് മണ്ഡലത്തിൽ മൽസരിച്ച അവാൻ കൊൻയാക്ക് ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ ഉയർത്തിയ ശേഷം കോൺഗ്രസ് സ്ഥാനാർഥി ഇഷാക് കൊൻയാക്കിനോട് 905 വോട്ടുകൾക്കു പരാജയപ്പെടുകയായിരുന്നു. കൊൻയാക്ക് വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ആദ്യ വനിതയാണ് അവാൻ കൊൻയാക്ക്. ബിജെപി സ്ഥാനാർഥി രാഖില ഒഴികെയുള്ള നാലു പേരും ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മൽസരിച്ചത്. നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെയും (എൻപിഎഫ്), ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെയും സ്ഥാനാർഥി പട്ടികയിൽ വനിതകളില്ലായിരുന്നു. 

1963ൽ രൂപീകൃതമായ സംസ്ഥാനം 13 നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു സാക്ഷ്യം വഹിച്ചെങ്കിലും വനിതാപ്രാതിനിധ്യം ഇപ്പോഴും അകലെയാണ്. 1969–ലാണ് ആദ്യമായി വനിതകൾ മൽസരരംഗത്തെത്തുന്നത്. രണ്ടു പേരാണ് അത്തവണ ജനവിധി തേടിയത്. 1982 (1), 1987 (3), 1993 (1), 2003 (3), 2008 (4), 2013 (2), 2018 (5) എന്നിങ്ങനെയാണ് 54 വർഷത്തെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ നിയമസഭയിലേക്കു മൽസരിച്ച വനിതകളുടെ എണ്ണം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് വനിതകൾ സ്ഥാനാർഥികളാകുന്നത്. 2008ൽ നാലു വനിതകൾ മൽസരിച്ചതാണ് ഇതിനുമുൻപത്തെ റെക്കോർഡ്.

എന്നാൽ സംസ്ഥാനത്തു നിന്ന് പാർലമെന്റിലേക്ക് ഒരു തവണ വനിതാ സ്ഥാനാർഥി വിജയിച്ചിട്ടുണ്ട്. 1977ൽ യുണൈറ്റഡ് ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായിരുന്ന റാണോ എം. ഷായ്സയാണ് സംസ്ഥാനത്തു നിന്നു ലോക്സഭയിലേക്കു ജയിച്ച ഏക വനിതാ അംഗം. കോൺഗ്രസ് സ്ഥാനാർഥിയായി മൽസരിച്ച അന്നത്തെ മുഖ്യമന്ത്രി ഹൊകിഷെ സെമയെ പരാജയപ്പെടുത്തിയാണ് റാണോ ആറാം ലോക്സഭയിൽ അംഗമായത്.