Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികല വിവാദം: 32 തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റി

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്കു വിഐപി പരിഗണന നൽകിയെന്ന റിപ്പോർട്ടിനു പിന്നാലെ, ഇവിടെയുള്ള 32 തടവുകാരെ കർണാടകയിലെ മറ്റു ജയിലുകളിലേക്കു മാറ്റി.

ജയിലിലെ തെറ്റായ കീഴ്‌വഴക്കങ്ങൾ സംബന്ധിച്ചു റിപ്പോർട്ടു നൽകിയ ഡിഐജി ഡി.രൂപ കഴിഞ്ഞ ദിവസമെത്തിയപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ പരാതി പറയാൻ ശ്രമിച്ച 32 പേരെയാണു ബെള്ളാരി, ബെളഗാവി ജയിലുകളിലേക്കു മാറ്റിയത്. പ്രത്യേക അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി ജയിൽ ഡിജിപിക്കും മറ്റും ശശികല രണ്ടുകോടി രൂപ കൈക്കൂലി നൽകിയെന്ന ഡിഐജിയുടെ റിപ്പോർട്ടിൽ അന്വേഷണം നടന്നുവരികയാണ്.

സ്വന്തം അടുക്കളയും കുശിനിക്കാരനും പുറമേ, ശശികലയ്ക്കു പ്രത്യേകം സന്ദർശനമുറിയുമുണ്ടെന്നു ഡിഐജിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇവിടെ സിസിടിവി ക്യാമറയില്ല. ശശികലയെ പാർപ്പിച്ചിരിക്കുന്ന വനിതാ സെല്ലിനു പുറത്തെ ചില സിസിടിവി ക്യാമറകളും മനഃപൂർവം പ്രവർത്തനരഹിതമാക്കിയ നിലയിലാണെന്നും റിപ്പോർട്ടിലുണ്ട്.