Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചട്ടങ്ങൾ കർശനമാക്കി; ശശികല ഇനി സാധാരണ തടവുകാരി

VK Sasikala

ബെംഗളൂരു ∙ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ (അമ്മ വിഭാഗം) ജനറൽ സെക്രട്ടറി വി.കെ.ശശികലയ്ക്ക് ഇനി ‘വിഐപി’ പരിഗണനയില്ല. പുതുതായി ചുമതലയേറ്റ പ്രിസൺസ് എഡിജിപി എൻ.എസ്.മേഘരിക് ജയിൽ പ്രവർത്തന ചട്ടങ്ങൾ കർശനമാക്കിയതോടെയാണ് ശശികല വീണ്ടും സാധാരണ തടവുകാരിയായത്.

സന്ദർശകരെ കാണാൻ പ്രത്യേക മുറിയും ഇഷ്ടഭക്ഷണമൊരുക്കാൻ അടുക്കള സംവിധാനവും ലഭിച്ച്, ഇഷ്ടവേഷം അണിഞ്ഞു ജയിലിലെ വനിതാ സെല്ലിൽ ആത്മകഥാ രചനയിൽ മുഴുകിയിരുന്ന ശശികല ഇതോടെ ജയിൽവേഷമായ വെള്ളസാരിയിലേക്കു മാറി സാധാരണ തടവുകാരിയായി.

മേഘരിക് ഇടപെട്ടു ജയിലിലെ സന്ദർശന സമയം 10 മിനിറ്റായി ചുരുക്കിയിട്ടുണ്ട്. സാധാരണക്കാരനെന്നോ വിഐപിയെന്നോ ഉള്ള വേർതിരിവില്ലാതെ ഭക്ഷണം പാകം ചെയ്യണമെന്നും വെള്ളിയാഴ്ച   ജയിൽ സന്ദർശനത്തിനിടെ മേഘരിക് നിർദേശിച്ചിരുന്നു. 

ശശികലയ്ക്ക് അനർഹമായ സൗകര്യങ്ങൾ ചെയ്തു കൊടുത്ത കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നു ബിജെപി നേതാവ് ആർ.അശോകയുടെ നേതൃത്വത്തിൽ ജയിൽ സന്ദർശിച്ച നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.