Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹതാപം പിടിച്ചുപറ്റാൻ വെടിവയ്പു നാടകം; തെലങ്കാന യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

vikram-gouda വിക്രം ഗൗഡ്

ഹൈദരാബാദ്∙ ഗുണ്ടാ ആക്രമണത്തിന്റെ ഇരയെന്ന വിശേഷണം കിട്ടിയാൽ സഹതാപം നേടാം; അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റുറപ്പിക്കാം. തെലങ്കാനയിലെ യൂത്ത് കോൺഗ്രസ് നേതാവ് ഇങ്ങനെ ചിന്തിച്ചതിൽ അത്ഭുതമില്ല. പക്ഷേ, ബുദ്ധിപൂർവം പദ്ധതിയിട്ട നീക്കങ്ങൾ ദയനീയമായി പാളിയതോടെ സ്ഥാനാർഥിയല്ല, പ്രതിയാകാനുള്ള വിധിയായിപ്പോയെന്നു മാത്രം. 

ആന്ധ്രയിലെ മുൻ മന്ത്രി മുകേഷ് ഗൗഡിന്റെ മകൻ കൂടിയായ വിക്രം ഗൗഡാ(35)ണ് ‘ക്വട്ടേഷൻ’ പാളി അറസ്റ്റിലായത്. ഇക്കഴിഞ്ഞ 28നായിരുന്നു ഗുണ്ടകളെ ഉപയോഗിച്ചു വെടിവയ്പു നാടകം. പുലർച്ചെ ഗുണ്ടകളെത്തി വിക്രമിനുനേരെ വെടിയുതിർക്കുകയായിരുന്നു.

രാഷ്ട്രീയ എതിരാളികൾ ആക്രമിച്ചെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. തുടർന്ന് അറസ്റ്റിലായ ഗുണ്ടകൾ പൊലീസിനോടു സത്യം വെളിപ്പെടുത്തിയതോടെയാണു കേസിൽ വഴിത്തിരിവുണ്ടായത്. സാരമായി പരുക്കേറ്റ വിക്രമിനെ ആശുപത്രി വിട്ടയുടൻ ഇന്നലെ അറസ്റ്റ് ചെയ്തു. 

ഗൂഢാലോചനയും തെളിവു നശിപ്പിക്കലുമുൾപ്പെടെ കുറ്റങ്ങളാണു വിക്രമിനെതിരെ ചുമത്തിയിരിക്കുന്നത്. ഒഡീഷ ഖനികളിലുൾപ്പെടെ വൻ നിക്ഷേപങ്ങൾ നടത്തി കടത്തിലായ വിക്രമിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അരക്കോടിയുടെ ക്വട്ടേഷൻ നാടകം 

പുലർച്ചെ കുളിച്ചൊരുങ്ങി ക്ഷേത്രദർശനത്തിനു പുറപ്പെടാൻ തയാറായി നിന്ന വിക്രമിനെ അജ്ഞാതർ വെടിവച്ചുവെന്നായിരുന്നു ഭാര്യ പൊലീസിൽ അറിയിച്ചത്.

വെടിയൊച്ച കേട്ടു വീടിന്റെ താഴെ നിലയിലെ സ്വീകരണമുറിയിൽ എത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഭർത്താവെന്നും അവർ മൊഴി നൽകി. 50 ലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നു ഇതെന്നു പൊലീസ് പറയുന്നു. അറസ്റ്റിലായത് അഞ്ചുപേർ. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്.

related stories