Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യ പ്രശ്നം സുപ്രീം കോടതിയിൽ; കേന്ദ്രത്തിനു ചാഞ്ചാട്ടം

rohingya-cry കണ്ണീരിൽ മുങ്ങി: ബംഗ്ലദേശ് ഷാ പോരിർ ദ്വീപിനു സമീപം അഭയാർഥിബോട്ട് മുങ്ങിയ അപകടത്തിൽനിന്നു രക്ഷപ്പെട്ട രോഹിൻഗ്യ കുടുംബം. ഇവരുടെ കൂട്ടത്തിലെ ഒരാൾ അപകടത്തിൽ മരിച്ചു.

ന്യൂഡൽഹി∙ രോഹിൻഗ്യ മു‌സ്‌ലിം അഭയാർഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനു ചാഞ്ചാട്ടം. രോഹിൻഗ്യകൾ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്നു സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയതിനുപിന്നാലെ അങ്ങനെ ഒരു സത്യവാങ്മൂലം നൽകിയിട്ടില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു പറഞ്ഞു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകുന്നതു പരിഗണിച്ചു വരുന്നതേയുള്ളൂയെന്നും മന്ത്രി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് ഇനി 18നു പരിഗണിക്കും.

സത്യവാങ്മൂലം അപൂർണമായിരുന്നുവെന്നും അത് അന്തിമ സത്യവാങ്മൂലം അല്ല എന്നുമാണു രാത്രി വൈകി ആഭ്യന്തര മന്ത്രാലയം നൽകിയ വിശദീകരണം. കേസ് തിങ്കളാഴ്ചയേ പരിഗണിക്കൂവെന്നതിനാൽ ഇന്ന് കേന്ദ്രസർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചേക്കും. ഇന്നലെ നൽകിയ സത്യവാങ്മൂലത്തിൽ അപൂർണമെന്ന് അവസാനം ചേർത്തിരുന്നു.

രോഹിൻഗ്യ അഭയാർഥി പ്രശ്നത്തിൽ ബിജെപി സ്വീകരിച്ചിട്ടുള്ള നിലപാട് അവരെ തിരിച്ചയയ്ക്കണമെന്നാണ്. എന്നാൽ അഭയാർഥികളെ ഉടൻ തിരിച്ചയയ്ക്കരുതെന്ന് ഇന്ത്യക്കുമേൽ രാജ്യാന്തര സമ്മർദം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണു സത്യവാങ്മൂലം അന്തിമമല്ലെന്ന നിലപാടിലേക്കു കേന്ദ്രസർക്കാർ എത്തിയതെന്നാണു സൂചന.

രോഹിൻഗ്യ അഭയാർഥികൾക്കു വിവിധ തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ഉയർന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ അവരെ ഇന്ത്യയിൽ തുടരാൻ അനുവദിക്കരുതെന്നുമാണു കേന്ദ്രസർക്കാർ നൽകിയ സത്യവാങ്‌മൂലത്തിലുള്ളത്. പാക്ക് ഭീകര സംഘടനകളുമായി രോഹിൻഗ്യകൾക്കു ബന്ധമുണ്ടെന്നും ഇന്ത്യയിൽ ഭീകരാക്രമണം നടത്താൻ ഐഎസ് ഇവരെ ഉപയോഗിക്കുമെന്ന ഭീഷണിയുണ്ടെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

അഭയാർഥികളായതിനാൽ അവരുടെ കാര്യത്തിൽ കോടതി ഇടപെടാതിരിക്കുകയാണു വേണ്ടതെന്നും ‌ ബെഞ്ചിനു മുൻപാകെ കേന്ദ്രം ബോധിപ്പിച്ചു. രോഹിൻഗ്യകളെ നാടുകടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ, രോഹിൻഗ്യ അഭയാർഥികളായ മുഹമ്മദ് സലിമുല്ല, മുഹമ്മദ് ഷക്കീർ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണു സുപ്രീംകോടതി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാൻ കോടതി അഡീഷനൽ സൊളിസിറ്റർ ജനറൽ തുഷാർ മേത്തയോടു നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണു സത്യവാങ്മൂലം സമർപ്പിച്ചത്.

related stories