Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതിവിധിയിൽ കണ്ണുനട്ട് തമിഴ്നാട് രാഷ്ട്രീയം

ചെന്നൈ∙ സ്പീക്കർ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു 18 ദിനകരപക്ഷ എംഎൽഎമാർ സമർപ്പിച്ച ഹർജിയും തമിഴ്നാട് നിയമസഭയിൽ എടപ്പാടി സർക്കാർ വിശ്വസവോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെടുന്ന ഡിഎംകെയുടെ ഹർജിയും മദ്രാസ് ഹൈക്കോടതി ഇന്നു പരിഗണിക്കും. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ ഡിഎംകെ ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. 

എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി കോടതി റദ്ദാക്കിയാൽ തമിഴ്നാട് സർക്കാരിന്റെ ഭാവിയെ ബാധിക്കും. സ്പീക്കറുടെ നടപടിയിൽ ഇടപെടുന്നില്ലെങ്കിൽ ദിനകരൻ പക്ഷത്തിനു തിരിച്ചടിയാകും. മുതിർന്ന അഭിഭാഷകരായ സൽമാൻ ഖുർഷിദും ധുഷ്യന്ത് ദവെയുമാണു ദിനകരൻ പക്ഷത്തിനു വേണ്ടി ഇന്നു ഹാജരാകുന്നത്. വിപ് ലംഘിക്കാത്ത എംഎൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് അധികാരമില്ലെന്നും ഇതിനു മുൻപു പല സംസ്ഥാനങ്ങളിലും നടന്ന ഇത്തരം നടപടികൾ കോടതി റദ്ദാക്കിയിട്ടുണ്ടെന്നുമുള്ള വാദമാകും ഉന്നയിക്കുക.

നിയമസഭയിൽ സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാണു ഡിഎംകെ ഹർജിയിലെ ആവശ്യം. ഗവർണറോട് അഭ്യർഥിച്ചിട്ടും ഇതിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും പറയുന്നു. കേസ് നേരത്തേ പരിഗണിച്ചപ്പോൾ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഡിഎംകെയ്ക്കു വേണ്ടി ഹാജരായത്. സർക്കാരിനെ മറിച്ചിടുമെന്ന പ്രഖ്യാപനം ടി.ടി.വി.ദിനകരൻ ഇന്നലെയും ആവർത്തിച്ചു. അതിനിടെ, ഗവർണറുമായി നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാറ്റിവച്ചു. 

വധഭീഷണി മുഴക്കിയെന്നാരോപിച്ചു തിരുച്ചിറപ്പള്ളി എംപി പി.കുമാർ നൽകിയ പരാതിയിൽ ദിനകരനെയും നടൻ സെന്തിലിനെയും ഒക്ടോബർ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന ഹൈക്കോടതി വിധി ഇതിനിടെ ദിനകരപക്ഷത്തിന് ആശ്വാസമായി. കോൺട്രാക്ടറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ദിനകര പക്ഷ എംഎൽഎ പി.പളനിയപ്പനു ഹൈക്കോടതി മുൻകൂർ ജാമ്യവും അനുവദിച്ചു. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരിൽ ഒരാളാണു പളനിയപ്പൻ. 

ദിനകരൻ ‘പിന്തുണച്ച്’ ഡിഎംകെ

ടി.ടി.വി. ദിനകരനും ഡിഎംകെയ്ക്കും ഒരേ പോലെ സർക്കാരിനെ മറിച്ചിടണമെന്ന താൽപര്യമാണുള്ളതെന്നു തുറന്നടിച്ചു പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിൻ. 18 എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനത്തെ ശക്തമായി എതിർക്കുന്നു. സർക്കാരിനെ വീഴ്ത്താൻ സാധ്യമായതെല്ലാം ചെയ്യും. ശത്രുവിന്റെ ശത്രു മിത്രമെന്ന സൂചനകൾ നൽകുന്നതിനൊപ്പം ഡിഎംകെ അണികളോടു തിരഞ്ഞെടുപ്പിനു സജ്ജമാകാൻ ആഹ്വാനം ചെയ്യുന്നതു കൂടിയാണു സ്റ്റാലിന്റെ വാക്കുകൾ. 

ഡിഎംകെ എംഎൽഎമാരുടെ യോഗം പാർട്ടി ആസ്ഥാനത്തു വിളിച്ചുചേർത്ത അദ്ദേഹം, കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.