Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമർശനത്തിനു പിന്നാലെ വിശാലിന്റെ കമ്പനിയിൽ ആദായനികുതി റെയ്ഡ്

Vishal

ചെന്നൈ ∙ വിജയ് ചിത്രം ‘മെർസലു’മായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജയെ വിമർശിച്ച നടൻ വിശാലിന്റെ സിനിമാ നിർമാണക്കമ്പനിയിൽ ആദായനികുതി റെയ്ഡ്. വെള്ളിയാഴ്ചയ്ക്കകം നേരിട്ടു ഹാജരാകാൻ സമൻസും നൽകി. പരിശോധനയ്ക്കു പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെങ്കിൽ നേരിടാൻ തയാറാണെന്നു വിശാൽ പ്രതികരിച്ചു. കൃത്യമായി നികുതി അടയ്ക്കുന്നതിനാൽ ഒരന്വേഷണത്തെയും ഭയക്കുന്നില്ലെന്നും പറഞ്ഞു.

ജിഎസ്ടി ഇന്റലിജൻസ് പരിശോധന നടത്തിയെന്നാണ് ആദ്യം വാർത്ത പ്രചരിച്ചെങ്കിലും തങ്ങളല്ലെന്നു ചെന്നൈ സോണൽ യൂണിറ്റ് പിന്നീട് അറിയിച്ചു. വടപളനിയിലുള്ള വിശാൽ ഫിലിം ഫാക്ടറിയിൽ വൈകിട്ടോടെയാണ് നാല് ഉദ്യോഗസ്ഥരെത്തിയത്. വൻ ബജറ്റിൽ സിനിമ നിർമിക്കുന്ന നിർമാതാക്കളുടെ ഓഫിസുകളിലെ പതിവു പരിശോധനയാണിതെന്നും അവർ പറഞ്ഞു. അതിനിടെ, സിനിമയിൽ ക്ഷേത്രങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടൻ വിജയ്ക്കെതിരെ മധുര സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകി. കേന്ദ്രസർക്കാർ നയങ്ങളെ എതിർക്കുന്ന സിനിമയുടെ പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു അഭിഭാഷകൻ മദ്രാസ് ഹൈക്കോടതിയിലും ഹർജി നൽകി. ഇന്ത്യയെ സംബന്ധിക്കുന്ന തെറ്റായ വിവരങ്ങൾ അവതരിപ്പിക്കുന്നതായും ജിഎസ്ടിയെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നതായുമാണ് ആരോപണം.

വിവാദങ്ങൾക്കിടെ, വിജയ് രാഷ്ട്രീയത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന സൂചനയുമായി പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ രംഗത്തെത്തി. ഗാന്ധിയൻ മാർഗം ഇഷ്ടപ്പെടുന്ന വിജയ്ക്കു മികച്ച നേതാവാകാനുള്ള പക്വതയുണ്ട്. സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ അധികാരം ആവശ്യമില്ല. തമിഴ്നാട്ടിൽ മാറ്റം സൃഷ്ടിക്കാൻ കമൽഹാസനോ രജനീകാന്തോ മുന്നിട്ടിറങ്ങിയാൽ അവർക്കൊപ്പമുണ്ടാകുമെന്നും ചാനൽ അഭിമുഖത്തിൽ ചന്ദ്രശേഖർ പറഞ്ഞു. വിജയ്‌യുടെ ശരിയായ പേര് ജോസഫ് വിജയ് എന്നാണെന്നു പറഞ്ഞ് ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ രംഗത്തെത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ #ILoveJosephVijay എന്ന ഹാഷ്ടാഗ് വൻതോതിൽ പ്രചരിക്കുന്നുണ്ട്. 

‘മെർസലി’ന്റെ കലക്‌ഷൻ 100 കോടി രൂപ കവിഞ്ഞു

ദീപാവലി ദിവസം റിലീസ് ചെയ്ത ‘മെർസലി’ന്റെ കലക്‌ഷൻ 100 കോടി രൂപ കവിഞ്ഞു. ഇന്റർനെറ്റിൽ വ്യാജ പതിപ്പ് ഇറങ്ങിയതു ചിത്രത്തെ ബാധിച്ചിട്ടില്ലെന്നാണ് ബോക്സ് ഓഫിസ് സൂചന. 130 കോടിയാണു നിർമാണച്ചെലവ്.

related stories