Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇസ്രയേലുമായി ഒൻപതു കരാറുകൾ; പ്രതിരോധ രംഗത്ത് കൂടുതൽ സഹകരണം

modi ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും ഭാര്യ സാറയെയും രാഷ്ട്രപതി ഭവനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുന്നു. ചിത്രം: ജെ. സുരേഷ് ∙ മനോരമ

ന്യൂഡൽഹി∙ പ്രതിരോധം, സൈബർ സുരക്ഷ. കൃഷി, ശാസ്ത്ര–സാങ്കേതികം, സിവിൽ വ്യോമയാനം, ചലച്ചിത്രനിർമാണം തുടങ്ങി വിവിധ മേഖലകളിൽ സഹകരണത്തിന് ഇന്ത്യയും ഇസ്രയേലും ഒൻപതു കരാറുകളിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങളുടെയും സഹകരണത്തിൽ പുതിയ യുഗത്തിനു തുടക്കംകുറിക്കുകയാണിതെന്ന് ഇന്ത്യ സന്ദർശിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

ഇസ്രയേലിൽ നിർമിച്ച സ്പൈക് മിസൈലുകൾ വാങ്ങേണ്ട എന്ന് ഇന്ത്യ തീരുമാനിച്ചുവെങ്കിലും പ്രതിരോധ രംഗത്തു സഹകരിക്കാനുള്ള തീരുമാനം പുതിയൊരു കാൽവയ്പാണ്. ഇസ്രയേലിൽ നിന്ന് ഏറ്റവും കൂടുതൽ ആയുധങ്ങളും യുദ്ധോപകരണങ്ങളും വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ കമ്പനികൾക്ക് ഇന്ത്യയിലെ കമ്പനികളുമായി ചേർന്നു സംയുക്ത ഉൽപാദനത്തിനുള്ള അനുമതിയാണു നൽകുക. ഇന്ത്യയ്ക്കു സാങ്കേതികവിദ്യ കൈമാറാനും ഗവേഷണത്തിൽ പങ്കുചേരാനും കരാറിൽ വ്യവസ്ഥയുണ്ട്. പ്രതിരോധ വ്യവസായ മേഖലയിൽ ദീർഘകാല സഹകരണവും പങ്കാളിത്തവുമാണു വിഭാവനം ചെയ്യുന്നത്.

ഇസ്രയേൽ–പലസ്തീൻ സമാധാന ശ്രമങ്ങളെക്കുറിച്ച് ഒരു ഖണ്ഡിക മാത്രമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതന്യാഹുവും ചർച്ച നടത്തിയശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലുള്ളത്. ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണം എന്നു മാത്രമേ ഇതിൽ പറയുന്നുള്ളൂ. ഇരു രാജ്യങ്ങളും സംയുക്തമായി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേക ഫണ്ടിനു രൂപംനൽകി. കൃഷി, ജലവിഭവം എന്നിവയിൽ സംയുക്തമായി പദ്ധതികൾ നടപ്പാക്കും. വിവിധ സംസ്ഥാനങ്ങളിലായി എക്സലൻസ് കേന്ദ്രങ്ങൾ സ്ഥാപിക്കും. സൈബർ സുരക്ഷാ രംഗത്തു നൈപുണ്യ വികസനവും പരിശീലനവും നടത്താനുള്ള സംയുക്ത സംരംഭമുണ്ടാകും.

കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനും എണ്ണ പര്യവേക്ഷണത്തിൽ സഹകരിക്കാനും കരാറായി. ആയുഷിന്റെ കീഴിൽ ഇസ്രയേലിൽ ഹോമിയോ പ്രചാരണത്തിനുള്ളതാണു മറ്റൊരു കരാർ.