Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുട്ടിന്റെ മറവിൽ ആക്രമണം ഭീകരരുടെ പതിവു പദ്ധതി

Terrorist

ശ്രീനഗർ ∙ ദുരന്തത്തിന്റെ വ്യാപ്തി പരമാവധി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ഇരുട്ടിന്റെ മറപറ്റി ജമ്മു– കശ്മീരിൽ ഭീകരർ ആസൂത്രണം ചെയ്ത ആക്രമണങ്ങളിൽ ഒടുവിലത്തേതാണ് സുൻജ്വാൻ ഇൻഫൻട്രി ക്യാംപിൽ നടന്നത്. പാർലമെന്റ് ആക്രമണക്കേസിൽ 2013 ഫെബ്രുവരി ഒൻപതിനു വധശിക്ഷ നൽകിയ അഫ്സൽ ഗുരുവിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സൈനിക ക്യാംപുകൾക്കു നേരെ ജയ്ഷെ ഭീകരർ ആക്രമണം നടത്തിയേക്കുമെന്നു രഹസ്യാന്വേഷണ റിപ്പോർട്ടുണ്ടായിരുന്നു. 

ശനിയാഴ്ച പുലർച്ചെ ക്യാംപിന്റെ പിൻവാതിലിലൂടെയാണു ഭീകരർ ഉള്ളിൽ കടന്നത്. കാവൽക്കാർക്കു നേരെ നിറയൊഴിച്ച് അകത്തു കടക്കാൻ അവർക്ക് എളുപ്പം സാധിച്ചു. അതിർത്തി കടന്നെത്തുന്ന ഭീകരരുടെ പ്രധാന ‘ഓപ്പറേഷൻ’ ഇപ്രകാരമാണെന്നു പഴയ സംഭവങ്ങളും തെളിയിക്കുന്നു. 2016 സെപ്റ്റംബറിൽ ബാരാമുള്ള ഉറി മേഖലയിൽ, ഇൻഫൻട്രി ബറ്റാലിയനിലെ 18 സൈനികർ വീരമൃത്യു വരിച്ചതാണു സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണം. ഏറ്റുമുട്ടലിൽ നാലു ഭീകരരും കൊല്ലപ്പെട്ടു. 

കഴിഞ്ഞ ഡിസംബർ 31ന് പുൽവാമ ജില്ലയിലെ പാംപോർ ലെത്പോര സിആർപിഎഫ് ക്യാംപിൽ ജയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണത്തിൽ ആറു ജവാന്മാരാണു വീരമൃത്യു വരിച്ചത്. രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഓഗസ്റ്റ് 26നു പുൽവാമയിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ജീവൻ വെടിഞ്ഞത് നാലു സിആർപിഎഫ് ജവാന്മാർ ഉൾപ്പെടെ എട്ടുപേരാണ്. മറുപടിയാക്രമണത്തിൽ മൂന്നു ഭീകരരെ വധിച്ചു. 

ഇതിനു മുൻപ്, ജൂൺ 16ന് അചാബൽ മേഖലയിൽ പൊലീസ് സംഘത്തെ വളഞ്ഞു ഭീകരർ നടത്തിയ ആക്രമണത്തിൽ ആറു ജീവൻ പൊലിഞ്ഞു. രണ്ടു സിവിലിയന്മാർക്കും പരുക്കേറ്റു. ജൂൺ അഞ്ചിനു പുലർച്ചെ ബന്ദിപോരയിലെ സിആർപിഎഫ് ക്യാംപ് ആക്രമിക്കാൻ ശ്രമിച്ച നാലു ഭീകരരെ മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വധിച്ചു. ജൂണിൽത്തന്നെ കുപ്‌വാരയിൽ സൈനികർക്കു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ വീരമൃത്യു വരിച്ചു. 2016 ജനുവരിയിൽ, അഖ്നൂരിലെ നിയന്ത്രണ രേഖയിലുള്ള ഗ്രെഫ് ക്യാംപിൽ ജോലിക്കാരായ മൂന്നു സിവിലിയന്മാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2016 നവംബർ 29നു നഗ്രോട്ടയിലെ സൈനിക ക്യാംപിൽ ഇരച്ചുകയറി മൂന്നു ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ഓഫിസർമാർ ഉൾപ്പെടെ ഏഴു പേർ വീരമൃത്യു വരിച്ചിരുന്നു.