Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാനഗരം മറന്നില്ല, അന്നം തരുന്നവരെ; ജനം കാത്തുനിന്നു, ആഹാരവും ചെരിപ്പും വെള്ളവുമായി

Kisan long march ഇരമ്പിയെത്തുന്ന പ്രതിഷേധം: അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കിസാൻ ലോങ് മാർച്ച് ദക്ഷിണ മുംൈബയിലെ ജെജെ ഫ്ലൈഓവവർ വഴി കടന്നുപോകുന്നു.

മുംബൈ∙ കണ്ണീരുറഞ്ഞതുപോലെ നടന്നുനിങ്ങീയ അവർക്കു മേൽ ചിലർ പൂക്കൾ വിതറി, ചോര വാർന്നൊലിക്കുന്ന കാലുകൾക്കു ചെരിപ്പുകളുമായി ചിലർ ഓടിയെത്തി, മറ്റു ചിലർ ഈന്തപ്പഴവും വടാപാവും വെള്ളവുമായി രാത്രിയിലുടനീളം നിരത്തുവക്കിൽ കാത്തുനിന്നു. നാസിക്കിൽ നിന്നു 180 കിലോമീറ്റർ പിന്നിട്ടെത്തിയ കർഷക മാർച്ചിനെ മുംബൈ ജനത ഉള്ളുതൊട്ടുള്ള സ്നേഹത്തോടെയാണു വരവേറ്റത്; അവരുടെ വേദനകളോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനം.

പിന്തുണ അറിയിച്ചെത്തിയവരിൽ സ്കൂൾ കുട്ടികളും കൊടിയുടെ നിറം മറന്ന രാഷ്ട്രീയക്കാരുമെല്ലാം ഉണ്ടായിരുന്നു. ഐഐടി വിദ്യാർഥികൾ കർഷകർക്കൊപ്പം ജാഥയിൽ അണിനിരന്നു. റസിഡന്റ്സ് അസോസിയേഷനുകൾ വലിയ വാട്ടർ ട്രക്കുകൾ വരെ ഏർപ്പെടുത്തി. നഗരത്തിലെ ഓഫിസുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്ന ഡബ്ബാവാലകൾ ‘നമ്മുടെ സഹോദരങ്ങൾക്കു ഭക്ഷണം നൽകാം’ എന്ന ആഹ്വാനവുമായെത്തി. ‘നമുക്കു പതിവായി അന്നം തരുന്നവർക്ക് ഇപ്പോൾ അതു നൽകേണ്ട ചുമതലയുണ്ട്’ – ഡബ്ബാവാല അസോസിയേഷൻ വക്താവ് സുഭാഷ് തലേക്കൽ പറഞ്ഞു. കർഷകർ തമ്പടിച്ച ആസാദ് മൈതാനിൽ മരുന്നെത്തിക്കാനും ഇവരെത്തി; സേവനസന്നദ്ധരായി ഡോക്ടർമാരും.

‘ആരോടും സഹായം ചോദിച്ചിരുന്നില്ല. ആരെയും പ്രയാസപ്പെടുത്താനും ആഗ്രഹിച്ചില്ല. നാസിക്കിൽ നിന്ന് ആഹാരസാധനങ്ങളുമായി ഒരു ട്രക്ക് ഒപ്പമുണ്ടായിരുന്നു. ഇടയ്ക്കു നിർത്തി സ്വയം ഭക്ഷണം പാകം ചെയ്താണു കഴിച്ചത്. പക്ഷേ, ഇവിടെയെത്തിയപ്പോൾ സഹായിക്കാൻ ആളുകൾ ഓടിയെത്തി’– കാലങ്ങളായി അവഗണന സഹിക്കുന്നവരോടു ജനം കാട്ടിയ സ്നേഹത്തിന്റെ തെളിവായിരുന്നു അഖിലേന്ത്യ കിസാൻ സഭാ ഭാരവാഹികളുടെ ഈ വാക്കുകൾ.

സോളർ കാക്കാ

വീട്ടിലേക്കു വിളിക്കണമെന്നു തോന്നിയപ്പോഴൊക്കെ കർഷകർ വിളിച്ചു, നാഥു കാക്കാ... തലയിൽ ഒരു കൊച്ചു സോളർ പാനലുമായി ഉടൻ നാഥു ഉദർ (48) ഓടിയെത്തും. കർഷകരുടെ ഫോണുകൾ സോളർ പാനലുമായി ഘടിപ്പിച്ചു ചാർജ് ചെയ്തു കൊടുക്കും. ത്രയംബക് താലൂക്കിലെ ഗണേശ് ഗാവിൽ നിന്നുള്ള നാഥുവിനു ചിലർ പേരുമിട്ടു, സോളർ കാക്കാ.

∙ സീതാറാം യച്ചൂരി: കർഷകരുടെ മുഴുവൻ കടവും എഴുതിത്തള്ളാൻ സർക്കാരിന് ഒരുലക്ഷം കോടി രൂപ മതി. അത്രയും ചെലവാക്കാനില്ലെന്നു സർക്കാർ പറയുന്നു. എന്നാൽ അതിലും എത്രയോ വലിയ തുക നഷ്ടപ്പെടുത്തുന്ന ബാങ്കുകളാകട്ടെ, വൻകിട വ്യവസായികളുടെ വായ്പകൾ എഴുതിത്തള്ളുന്ന തിരക്കിലുമാണ്.

∙ രാഹുൽ ഗാന്ധി: ജനശക്തിയുടെ ത്രസിപ്പിക്കുന്ന ഉദാഹരണമാണ് ഈ സമരം. കർഷകർ ഉന്നയിക്കുന്നത് ഏറ്റവും ന്യായമായ ആവശ്യം. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ഫഡ്‌നാവിസും ദുരഭിമാനം വെടിഞ്ഞ് അത് അംഗീകരിക്കണം. സമരം ചെയ്യുന്ന കർഷകർക്കും ആദിവാസികൾക്കുമൊപ്പമാണ് കോൺഗ്രസ്.

∙ രാജ് താക്കറെ: ഈ സർക്കാരിന് ഒന്നും ചെയ്യാനുള്ള കഴിവില്ല. ഇവർ നിങ്ങളെ സ്വപ്നം കാണിക്കുകയാണ്. ഇത്രയും ദൂരം നടന്ന്, നിങ്ങളുടെ പാദങ്ങൾ രക്തമണിഞ്ഞതു മറക്കരുത്.