Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ∙ കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ മൂന്നു ഭീകരർ പുലർച്ചെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശ്രീനഗർ സ്വദേശി ഈസ ഫസിലി, അനന്ത്നാഗ് സ്വദേശി സയിദ് ഒവൈസ് എന്നിവരും അജ്ഞാതനായ മൂന്നാമതൊരാളുമാണു കൊല്ലപ്പെട്ടത്. എകെ–47 തോക്കുകളും മറ്റ് ആയുധങ്ങളും ഇവരിൽ നിന്നു കണ്ടെടുത്തു.

വധിക്കപ്പെട്ടവരിൽ ഒരാൾ സൗര പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പ്രതിയാണ്. അന്നത്തെ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘത്തെ വധിച്ചതിനെ തടുർന്ന് അക്രമങ്ങളുണ്ടാകാമെന്ന ആശങ്ക മൂലം നഗരത്തിൽ വിദ്യാലയങ്ങൾക്ക് അവധി നൽകി.

രജൗരിയിലെ ബാബാ ഗുലാം ഷാ വാഴ്സിറ്റിയിൽ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ഈസ ഭീകരസംഘടനയിൽ ചേരാൻ 2017ൽ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നിന്ന് ഒളിച്ചോടിയതായിരുന്നു. പ്രിൻസിപ്പൽ നയീം ഫസിലിയുടെ മകനാണ്.

തെറ്റായ വഴിയിലേക്കു തിരിഞ്ഞ മകനോടു വീട്ടിലേക്കു മടങ്ങിവരണമെന്ന് അന്നു ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെട്ട നയീം ഇന്നലെ മകന്റെ മരണവും ഫെയ്സ്ബുക്കിൽ കുറിച്ചു. ഭീകരതയുടെ പാത വിട്ടു തിരിച്ചുവരാൻ പിതാവു മകനോട് അഭ്യർഥിച്ചതു കശ്മീരിൽ ആദ്യസംഭവമായിരുന്നു.