Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനുഷ്യക്കടത്ത്: ദലേർ മെഹന്തിക്ക് രണ്ടുവർഷം തടവ്

Daler Mehandi

ന്യൂഡൽഹി ∙ മനുഷ്യക്കടത്തു കേസിൽ പഞ്ചാബി പോപ് ഗായകൻ ദലേർ മെഹന്തിയെ (50) രണ്ടു വർഷം തടവിനു പട്യാല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചു. മെഹന്തിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. കാനഡയിലേക്ക് അനധികൃതമായി കുടിയേറാൻ സഹായിക്കാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചെന്നു ബക്ഷി സിങ് നൽകിയ പരാതിയിൽ പട്യാല പൊലീസ് 2003ൽ എടുത്ത കേസിലാണു ശിക്ഷ.

യുഎസിലേക്ക് അനധികൃതമായി കുടിയേറാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് ദലേറും സഹോദരൻ ഷംശെർ സിങ്ങും പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ചു 35 പരാതികൾ വേറെയും പൊലീസിനു ലഭിച്ചിരുന്നു. ഡൽഹിയിലെ ഗായകന്റെ ഓഫിസുകളിൽ പട്യാല പൊലീസ് നടത്തിയ റെയ്ഡിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടു പണം വാങ്ങിയതിന്റെ രേഖകൾ കണ്ടെടുത്തിരുന്നു. 1998ലും 1999ലും യുഎസിൽ സംഗീത പരിപാടി നടത്തവേ, സംഘാംഗങ്ങൾ എന്ന വ്യാജേന 10 പേരെ യുഎസിലേക്കു കടത്തിയെന്ന് ആരോപണമുണ്ട്. സമാനമായ രീതിയിൽ മൂന്നു യുവതികളെ സാൻഫ്രാൻസിസ്കോയിലും 1999 ഒക്ടോബറിൽ മെഹന്തി സംഘം യുഎസിൽ സംഗീതപരിപാടി നടത്തവേ മൂന്നു യുവാക്കളെ ന്യൂജഴ്‌സിയിലും വിട്ടു.

തൊണ്ണൂറുകളുടെ പ്രിയഗായകൻ

പഞ്ചാബി പോപ് ഗാനശാഖയായ ‘ഭാംഗ്ര’യെ തൊണ്ണൂറുകളിൽ ലോകപ്രശസ്തമാക്കിയ ഗായകനാണു ദലേർ മെഹന്തി. നൃത്തശൈലിയും വേറിട്ട സ്വരവുമാണു ദലേറിനെ ശ്രദ്ധേയനാക്കിയത്. 1995ൽ ഇറങ്ങിയ ആദ്യ ആൽബം ബോലോ താ രാ രാ രണ്ടു കോടിയിലേറെ വിറ്റഴിഞ്ഞു. തുടർന്നുള്ള ആൽബങ്ങളും ലോകമെങ്ങും തരംഗമായി. ബോളിവുഡ് സിനിമകളിലും പാടി. വിവിധ വിദേശരാജ്യങ്ങളിൽ സംഗീതപരിപാടികൾ അവതരിപ്പിച്ചു.