Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്‌മീർ ഗ്രാമങ്ങളിൽ പാക്ക് പീരങ്കിയാക്രമണം: ഒരുവീട്ടിലെ അഞ്ചുപേർ കൊല്ലപ്പെട്ടു

India Kashmir

ശ്രീനഗർ∙ ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി ഗ്രാമങ്ങൾക്കുനേരെ ഇന്നലെ രാവിലെ പാക്കിസ്ഥാൻ നടത്തിയ രൂക്ഷമായ ഷെല്ലാക്രമണത്തിൽ മൂന്നു കുട്ടികൾ അടക്കം ഒരു വീട്ടിലെ അഞ്ചുപേർ കൊല്ലപ്പെട്ടു. രണ്ടു പെൺകുട്ടികൾക്കും അഞ്ചു സൈനികർക്കും ഗുരുതരമായി പരുക്കേറ്റു.

നിയന്ത്രണരേഖയിൽനിന്നു 3–4 കിലോമീറ്റർ അകലെ മേന്ദറിലെ ദേവത സർഗ്ലൂൻ ഗ്രാമത്തിൽ ചൗധരി മുഹമ്മദ് റമസാന്റെ മൺവീടാണു പീരങ്കി ഉപയോഗിച്ചുള്ള ആക്രമണത്തിൽ തകർന്നത്. വീട്ടിലുണ്ടായിരുന്ന മുഹമ്മദ് റമസാൻ (35), ഭാര്യ മലിക ബീ (32), മക്കളായ അബ്ദുൽ റഹ്‌മാൻ (14), മുഹമ്മദ് റിസ്‌വാൻ (12), റസാഖ് റമസാൻ (7) എന്നിവരാണു മരിച്ചത്. റമസാന്റെ പെൺമക്കളായ നസ്റീൻ കൗസർ (11), മഹ്റീൻ കൗസർ (5) എന്നിവർക്കാണു ഗുരുതരമായി പരുക്കേറ്റത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി ജമ്മുവിലേക്കു കൊണ്ടുപോയി.

ഗ്രാമങ്ങൾക്കുനേരെ രാവിലെ 7.45 ന് ആരംഭിച്ച ആക്രമണം 11.30 വരെ നീണ്ടു. ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ മരിച്ചതിൽ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉത്കണ്ഠ പ്രകടിപ്പിച്ചു.

ഇതേസമയം, ഇന്ത്യയിൽ അധികൃതർ മോശമായി പെരുമാറുന്നുവെന്നാരോപിച്ചു കഴിഞ്ഞ 15 നു തിരിച്ചുവിളിച്ച ഹൈക്കമ്മിഷണർ സുഹൈൽ മുഹമ്മദിന്റെ മടക്കം പാക്കിസ്ഥാൻ നീട്ടി. ഇന്നു ഡൽഹിയിൽ ആരംഭിക്കുന്ന ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽനിന്ന് അവർ വിട്ടുനിൽക്കുകയാണ്. ഇസ്‌ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പാക്കിസ്ഥാൻ പീഡിപ്പിക്കുന്നതിൽ ഇന്ത്യ പ്രതിഷേധിച്ചു. ശനിയാഴ്ചയുണ്ടായ രണ്ടു സംഭവങ്ങൾ പരാമർശിച്ചു പാക്കിസ്ഥാനു പ്രതിഷേധക്കുറിപ്പും നൽകി.