Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭയും കടന്നു; ഇനിമുതൽ ഉയർന്ന ഗ്രാറ്റുവിറ്റി

Parliament of India

ന്യൂഡൽഹി∙ ഉയർന്ന ഗ്രാറ്റുവിറ്റി പരിധി കാലാകാലങ്ങളിൽ നിശ്ചയിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഭേദഗതി ബില്ലിനു പാർലമെന്റിന്റെ അംഗീകാരം. ഈ മാസം വിരമിക്കുന്ന ലക്ഷ‌ക്കണക്കിനു തൊഴിലാളികളുടെയും ജീവനക്കാരുടെയും താൽപര്യം മാനിച്ചു ബിൽ പാ‌സാക്കാൻ രാ‌ഷ്ട്രീയപാർട്ടികൾ ധാരണയിലെത്തുകയായിരുന്നു. ലോക്സഭയിലെന്ന പോലെ രാജ്യസഭയിലും ചർച്ചയുണ്ടായില്ല.

രാഷ്ട്രപതി അടുത്ത ദിവസം‌ അംഗീകാരം നൽകുന്നതോടെ ഭേദഗതി, നിയമമാകും. ഭരണ, ‌പ്രതിപക്ഷങ്ങ‌ൾ പോരടിക്കുന്നതിനിടെ രണ്ടാഴ്ചയായി പാർലമെന്റ് സ്തംഭന‌ത്തിലാണ്. തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാങ്‌വാറാണു രാജ്യസഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ചത്. ചർച്ച ചെയ്തിരുന്നെങ്കിൽ പരിഹരിക്കാവുന്ന പോരായ്മകൾ സഹിതമാണു ഭേദഗതി ബിൽ പാസായത്.

ഗ്രാറ്റുവിറ്റി പരിധി കാലാകാലങ്ങളിൽ ‘ഭേദഗതി’ ചെയ്യാനാണ് ഇതുവഴി സർക്കാരിന് അധികാരം ലഭിക്കുക. ഗ്രാറ്റുവിറ്റി പരിധി ‘ഉയർത്തും’ എന്നു പറയാത്തതുകൊണ്ട്, നിയമപരമായി, പരി‌ധി കുറയ്ക്കാനും സർക്കാരിനു കഴിയും. ചർച്ചയുണ്ടായിരുന്നെങ്കിൽ ഇക്കാര്യം വിശദീകരിക്കാൻ സർക്കാർ നിർബന്ധിതമാകുമായിരുന്നു.

‘പരിധി ഉയർത്തും’ എന്ന് ലോ‌ക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ ഭേദഗതി നിർദേശിച്ചതു ബഹളത്തിനിടെ തള്ളിപ്പോയിരുന്നു. 2016 ജനുവരി ഒന്നു മുതൽ മുൻകൂർ പ്രാബല്യം നൽകണമെന്ന നിർദേശവും അംഗീകരിക്കപ്പെട്ടില്ല. കേന്ദ്രസർക്കാർ ജീവനക്കാർക്ക് 20 ലക്ഷം രൂപയാണു നിലവിൽ ഗ്രാറ്റുവിറ്റി പരിധി. 2016 ജനുവരി ഒന്നു മുതലാണ് അവർക്ക് ഉയർന്ന തുക ലഭിച്ചുതുടങ്ങിയത്.

∙ ഒരു വർഷം = 15 ദിവസം

ഒരു വർഷത്തെ സേവനത്തിനു 15 ദിവസത്തെ വേതനമാണു ഗ്രാറ്റുവിറ്റിക്കു കണക്കാക്കുക. ഇതു തൊഴിലുടമ നൽകേണ്ട തുകയാണ്. പത്തിലേറെ ആളുകൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കു നിയ‌മം ബാധ‌കം. കുറഞ്ഞത് അഞ്ചു വർഷം തുടർച്ചയായി ജോലിചെ‌യ്തവർക്കാണു ഗ്രാറ്റുവിറ്റിക്ക് അർഹത.

∙ പ്രസവാനുകൂല്യം

പ്രസവാവധി 12 ആഴ്ചയെന്ന വ്യവസ്ഥ ഭേദഗതി ചെയ്യാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇത് 26 ആഴ്ചയാക്കണമെന്നാണു നിർദേശം. എന്നാൽ, പ്രസവാവധി കൂട്ടിയാൽ സ്ത്രീകൾക്കു ജോലി നൽ‌കാൻ തൊ‌ഴിലുടമകൾ മടിച്ചേക്കുമെന്നും ആശങ്കയുണ്ട്.