Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരങ്ങിണി കാട്ടുതീ ദുരന്തം: മരണം പതിനെട്ടായി

Theni Forest Fire

കോയമ്പത്തൂർ\ കുമളി ∙ കുരങ്ങിണി വനത്തിലെ കാട്ടുതീ ദുരന്തത്തിൽ പൊള്ളലേറ്റ് ഗംഗ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. ചെന്നൈ സ്വദേശി ജയശ്രീ (32) ആണു മരിച്ചത്. ഇതോടെ കുരങ്ങിണി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. 

എഴുപതു ശതമാനത്തോളം പൊള്ളലേറ്റ ജയശ്രീയെ കഴിഞ്ഞ 12നാണു ഹെലികോപ്റ്റർ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുവന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ ജയശ്രീ ഇന്നലെ രാവിലെ മരിച്ചു. 

കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി നിയോഗിച്ച അതുല്യ മിശ്ര കമ്മിഷൻ ഇന്നലെ കുരങ്ങിണി സന്ദർശിച്ചു. 

രാവിലെ എട്ടിനു കുരങ്ങിണിയിലെത്തിയ തമിഴ്നാട് ദുരന്തനിവാരണവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ അതുല്യ മിശ്ര രക്ഷാപ്രവർത്തനം നടത്തിയവരിൽനിന്നും പ്രദേശവാസികളിൽനിന്നും മൊഴിയെടുത്തു. വനമേഖലയുടെ സംരക്ഷണചുമതലയുള്ള ഉദ്യോഗസ്ഥരുമായും പൊലീസ് മേധാവികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

കമ്മിഷൻ ബുധനാഴ്ച തേനി, മധുര ആശുപത്രികളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. വിശദമായ അന്വേഷണം നടത്തിയശേഷം ഇരുപതു ദിവസത്തിനകം മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകുമെന്നു കമ്മിഷൻ അറിയിച്ചു. ഇന്നു തേനി കലക്ടറേറ്റിൽ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായി കമ്മിഷൻ ചർച്ച നടത്തും.