Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലാസം മാറി, ഇനി ബെംഗളൂരു സെൻട്രൽ ജയിൽ

Sasikala

ബെംഗളൂരു/ചെന്നൈ ∙ സാവ കാ ശം തരില്ലെന്നു സുപ്രീം കോടതി തീർത്തുപറഞ്ഞു; സ്വത്തുകേസിൽ ശിക്ഷിക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല ഒടുവിൽ ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ കോടതിയിൽ വൈകിട്ട് ആറുമണിയോടെ കീഴടങ്ങി. ജയിൽ നമ്പർ 9234. കൂട്ടുപ്രതികളിലൊരാളായ ഇളവരശി ശശികലയ്ക്കൊപ്പവും വി.എൻ. സുധാകരൻ ഒരു മണിക്കൂറിനു ശേഷവും എത്തി.

ജയലളിതയുടെ 2014ലെ വരവിനെ ഓർമിപ്പിച്ച് ടൊയോട്ട പ്രാഡോ കാറിന്റെ മുൻസീറ്റിലിരുന്ന് ജനങ്ങൾക്കു നേരെ കൈകൂപ്പിയാണ് ശശികലയും ജയിലിലെത്തിയത്. പക്ഷേ, ജയിൽ റോഡിൽ വാഹനവ്യൂഹത്തിനു നേരെ ജനക്കൂട്ടം അക്രമം അഴിച്ചുവിട്ടു. നാലു വാഹനങ്ങൾക്കു  കേടുപറ്റി. ലാത്തിവീശിയാണു പൊലീസ് സ്ഥിതി നിയന്ത്രിച്ചത്.

അതേസമയം, സർക്കാർ രൂപീകരണം സംബന്ധിച്ച് ഗവർണറുടെ തീരുമാനം കാത്തിരിക്കുകയാണു തമിഴ്നാട്. അണ്ണാ ഡിഎംകെ നിയമസഭകക്ഷി നേതാവ് എടപ്പാടി കെ. പളനിസാമിയും കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഗവർണർ സി. വിദ്യാസാഗർ റാവുവുമായി രാത്രി വെവ്വേറെ കൂടിക്കാഴ്ച നടത്തി. 124 പേരുടെ പിന്തുണയുണ്ടെന്ന അവകാശവാദം പളനിസാമി ആവർത്തിച്ചു.

കീഴടങ്ങാൻ സാവകാശം തരില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കും മുൻപുതന്നെ സഹോദരീപുത്രൻ ടി.ടി.വി. ദിനകരനെ പാർട്ടി ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിച്ച് ശശികല ഉത്തരവിറക്കി. നിലവിലില്ലാത്ത തസ്തികയാണിത്. ജനറൽ സെക്രട്ടറി കഴി‍ഞ്ഞാൽ ഫലത്തിൽ പാർട്ടിയിലെ രണ്ടാമത്തെ സ്ഥാനമാണിത്. ജയലളിത ആറു വർഷം മുൻപു പാർട്ടിയിൽനിന്നു പുറത്താക്കിയ ദിനകരനെ തിരിച്ചെടുക്കുകയായിരുന്നു. മറ്റൊരു സഹോദരീപുത്രൻ എസ്. വെങ്കടേഷിനെയും തിരിച്ചെടുത്തു. ചെന്നൈ മറീനയിലെ ജയ സമാധി സന്ദർശിച്ച്, തിരിച്ചുവരുമെന്നു ശപഥം ചെയ്താണു ശശികല ബെംഗളൂരുവിലേക്കു പുറപ്പെട്ടത്.

ശശികല പക്ഷത്തെ എംഎൽഎമാർ ഇപ്പോഴും മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിലാണ്. ഇവിടെ പൊലീസ് പരിശോധന നടത്തുകയും സുരക്ഷ സന്നാഹം ശക്തിപ്പെടുത്തുകയും ചെയ്തു. എംഎൽഎമാർ ഒഴികെയുള്ളവരോടു പുറത്തു പോകാൻ നിർദേശിച്ചു. റിസോർട്ടിൽ താൻ തടങ്കലിലായിരുന്നുവെന്ന് ആരോപിച്ചു പനീർസെൽവം പക്ഷത്തുള്ള എംഎൽഎ: എസ്. ശരവണൻ നൽകിയ പരാതിയിൽ ശശികലയ്ക്കും എടപ്പാടി കെ. പളനിസാമിക്കുമെതിരെ പൊലീസ് കേസെടുത്തു. 

Your Rating: