Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിൽ പരീക്ഷകൾ മലയാളത്തിലെഴുതാൻ അവസരമുണ്ടാക്കണം: മുഖ്യമന്ത്രി

pinarayi-mukundan കേരള സാഹിത്യോത്സവത്തിൽ എം.മുകുന്ദനൊപ്പം പിണറായി വിജയൻ.

കോഴിക്കോട്∙ തൊഴിൽ പരീക്ഷകൾ മലയാളത്തിലെഴുതാനുള്ള അവസരമുണ്ടാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഐഎഎസ് പരീക്ഷ മലയാളത്തിൽ എഴുതാൻ പറ്റും. എന്നാൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷ ഇംഗ്ലിഷിൽ എഴുതണം.

മാതൃഭാഷ അവഗണിക്കപ്പെടുന്ന സാഹചര്യം ഇന്നു കേരളത്തിലുണ്ട്. അതിനെതിരെ ശക്തമായി ഇടപെടണം. മാതൃഭാഷയോടു മലയാളിക്കു സ്‌നേഹമില്ലെന്നു ചിന്തിച്ചു തുടങ്ങേണ്ട സംഭവങ്ങൾ ഒട്ടേറെ വരികയാണ്. മലയാളത്തെ മലയാളി തന്നെ രണ്ടാം തരം ഭാഷയായി തരംതാഴ്ത്തുന്നു. ഇതു ഗൗരവമായി കണക്കിലെടുക്കണം.

കേരളീയർക്കു മലയാളത്തിൽ നീറ്റ് പരീക്ഷ എഴുതാൻ പറ്റില്ല. തമിഴിലും ഗുജറാത്തിയിലും ബംഗാളിയിലും അസമീസിലുമെല്ലാം എഴുതാൻ പറ്റുന്നുമുണ്ട്. ഇതു മാറണം. പിഎസ്‌സി ആയാലും ദേശീയതല പരീക്ഷാ നടത്തിപ്പുകാരായാലും ഈ മനോഭാവം മാറ്റണം. വിജ്ഞാന ഭാഷയെന്ന നിലയിൽ മലയാളത്തെ വികസിപ്പിക്കാൻ കഴിയണം.

ഭരണഭാഷ മലയാളമാക്കുന്ന നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. മലയാള മാധ്യമത്തിലുള്ള പഠനം പ്രോൽസാഹിപ്പിക്കും. ഇ–ഗവേണൻസും മലയാളത്തിലാക്കും. കോടതി ഭാഷ മലയാളത്തിലാക്കേണ്ടതുണ്ട്. ഇതര സംസ്ഥാനത്തൊഴിലാളികളെ നാട്ടുകാരുമായി ആശയവിനിമയം പുലർത്താൻ മലയാളം പഠിപ്പിക്കാനുള്ള ഉദ്യമങ്ങൾ സാക്ഷരതാ മിഷൻ നടത്തുന്നുണ്ട്.

മലയാള ഭാഷ പ്രോൽസാഹിപ്പിക്കുന്നതിനോടൊപ്പം മറ്റു ഭാഷകൾ അറിയുന്നതിനുള്ള കഴിവ് ആർജിക്കണം. ഇതിനുതകുന്ന പാഠ്യപദ്ധതി നടപ്പാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. എ. പ്രദീപ് കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. എം. മുകുന്ദൻ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, എ.കെ. അബ്ദുൽ ഹക്കീം എന്നിവർ പ്രസംഗിച്ചു.

Your Rating: