Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനൂപ് ജേക്കബിനെതിരായ വിജിലൻസ് കേസ് റദ്ദാക്കി

anoop-jacob

കൊച്ചി ∙ മുൻമന്ത്രി അനൂപ് ജേക്കബിനെതിരെയുള്ള വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി. അനൂപിനെതിരെ കുറ്റകരമായ പെരുമാറ്റ ദൂഷ്യം ആരോപിക്കാനാകുംവിധം പരിധിവിട്ട നടപടിയോ വീഴ്ചയോ അന്വേഷണത്തിൽ കണ്ടെത്തിയില്ലെന്നു കോടതിയെ വിജിലൻസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണു നടപടി.

കേസ് റദ്ദാക്കാൻ അനൂപ് ജേക്കബ് നൽകിയ ഹർജിയിലാണു കോടതി ഉത്തരവ്. നിയമപ്രകാരമുള്ള അധികാരം വിനിയോഗിച്ച് ഉത്തരവിറക്കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നു ഹർജി ഭാഗം ബോധിപ്പിച്ചു. അപ്പീൽ പരിഗണിച്ച് ഉത്തരവിറക്കാൻ മന്ത്രിക്ക് അധികാരമുണ്ടെന്നും മറ്റ് ആരോപണങ്ങളില്ലെന്നുമുള്ള ഹർജിയിലെ വാദത്തിൽ കഴമ്പുണ്ടെന്നു കോടതി വിലയിരുത്തി.

അതേസമയം, എന്ത് അഴിമതിയാണു പരാതിയിൽ ആരോപിക്കുന്നതെന്നു വ്യക്തതയില്ലാത്ത സാഹചര്യത്തിൽ, അനാവശ്യ വ്യവഹാരത്തിനു പരാതിക്കാരനെതിരെ ആവശ്യമെങ്കിൽ നടപടിയാകാം. മൂലമറ്റം സ്വദേശി വി.ഒ. അഗസ്തിയുടെ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ നിർദേശപ്രകാരമാണു കേസെടുത്തത്.

ഇടുക്കി ജില്ലയിലെ റേഷൻ കടകളിൽ 2015 ഒക്ടോബർ 10നു നടത്തിയ മിന്നൽ പരിശോധനയെത്തുടർന്നു ജില്ലാ സപ്ലൈ ഓഫിസർ റേഷൻ കട ലൈസൻസ് സസ്പെൻഡ് ചെയ്തതു മന്ത്രിയായിരുന്ന ഹർജിക്കാരൻ മരവിപ്പിച്ചെന്നാണ് ആരോപണം.

related stories