Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയതന്ത്രവിജയം; കൂട്ടായ ശ്രമങ്ങൾക്കൊടുവിൽ ആശ്വാസമോചനം

Father Tom Uzhunnalil ഫാദര്‍ ടോം ഉഴുന്നാല്‍ ഒമാനിലെ റോയല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ ഖലീല്‍ ഇബ്‌റാഹിം അല്‍ സുബ്ഹിയോടൊപ്പം

ന്യൂഡൽഹി ∙ ‘ഫാ. ടോം മോചിപ്പിക്കപ്പെട്ടെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്‘ – വാർത്ത നേരത്തേ പുറത്തുവന്നിരുന്നുവെങ്കിലും ട്വിറ്ററിലൂടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇതു പറഞ്ഞപ്പോൾ അത് ലോകത്തോട് ഇന്ത്യയുടെ സന്തോഷം പങ്കുവയ്‌ക്കലായി. സുഷമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമുൾപ്പെടെ, ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി ശ്രമിച്ചവരുടെ പട്ടിക നീണ്ടതാണ്.

അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ മേജർ ആർച്ച്‌ ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, സിറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കത്തോലിക്കാ മെത്രാൻ സമിതി ഡപ്യൂട്ടി സെക്രട്ടറി ജനറൽ മോൺ. ജോസഫ് ചിന്നയ്യൻ തുടങ്ങിയവർ പല തവണ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും നേരിൽ കണ്ട് സഭയുടെ ആശങ്ക വ്യക്‌തമാക്കിയിരുന്നു.

സാധ്യമാവുന്നതൊക്കെയും ചെയ്യുമെന്ന് അപ്പോഴൊക്കെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും മറുപടി നൽകി. തെക്കൻ യെമനിൽ ഇന്ത്യയ്‌ക്കു നയതന്ത്രപ്രതിനിധിയുടെ സാന്നിധ്യമില്ലാത്തതും ഫാ. ടോമിനെ തട്ടിയെടുത്തവരെ സംബന്ധിച്ചു വ്യക്‌തമായ വിവരങ്ങളില്ലെന്നതും കേന്ദ്ര സർക്കാരിനു നേരിട്ടുള്ള ഇടപെടലുകൾക്കു തടസ്സമുണ്ടാക്കി. ഫാ. ടോമിനെക്കുറിച്ച് ശുഭവാർത്തകളുണ്ടോയെന്നു ചോദിച്ച മാധ്യമപ്രതിനിധികളോടു വിദേശകാര്യമന്ത്രി പല തവണ പറഞ്ഞു: പ്രതീക്ഷ കൈവിടുന്നില്ല, പല പശ്‌ചിമേഷ്യൻ രാജ്യങ്ങളോടും സഹായം ചോദിച്ചിട്ടുണ്ട്.

കേരള ഗവർണർ പി. സദാശിവം, രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം തുടങ്ങിയവരും കേരളത്തിന്റെ ആവശ്യത്തെക്കുറിച്ചു കേന്ദ്ര സർക്കാരിനെ അറിയിച്ചു. വിഷയം കേരളത്തിൽനിന്നുള്ള പല എംപിമാരും പല തവണ പാർലമെന്റിൽ ഉന്നയിച്ചു. സാധ്യമായതെല്ലാം ചെയ്യുമെന്നു മന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞപ്പോൾ, മോചന ശ്രമങ്ങളുടെ വിശദാംശങ്ങൾ സഭയെ അറിയിക്കണമെന്ന് ഉപാധ്യക്ഷൻ പി.ജെ. കുര്യൻ നിർദേശിച്ചു.

മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയും വിഷയത്തിൽ ഇടപെട്ടിരുന്നു. യെമൻ ഉപപ്രധാനമന്ത്രി അബ്‌ദുൽ മാലിക് അബ്‌ദുൽ ജലീൽ അൽ –മെഖ്‌ലാഫി തന്നെ സന്ദർശിച്ചപ്പോൾ സുഷമ സ്വരാജ് പറഞ്ഞു: ഫാ.ടോമിന്റെ പ്രശ്‌നം മുൻഗണനയോടെ പരിഗണിക്കണം. ഇന്ത്യയുടെ ശ്രമങ്ങൾക്കു സമാന്തരമായി ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ വത്തിക്കാനും, സലേഷ്യൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ.ഏഞ്ചൽ ആർതമെ ഫെർണാണ്ടസും പശ്‌ചിമേഷ്യൻ രാജ്യങ്ങളെ ഇടപെടുത്തിയുള്ള ശ്രമങ്ങൾ നടത്തി.

ഫാ. ടോം ഭീകരരുടെ പിടിയിലായി ഒരു മാസം കഴിഞ്ഞ്, കഴിഞ്ഞ വർഷം ഏപ്രിൽ 10ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്‌തപ്പോൾ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു: സായുധ പോരാട്ടമുള്ള മേഖലകളിൽ തട്ടിയെടുക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കണമെന്ന അഭ്യർഥന ഞാൻ ആവർത്തിക്കുന്നു. പ്രത്യേകിച്ചും, കഴിഞ്ഞ മാർച്ച് നാലിന് യെമനിലെ ഏഡനിൽ തട്ടിയെടുക്കപ്പെട്ട സലേഷ്യൻ വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ ഞാൻ അനുസ്‌മരിക്കുന്നു’. ഇന്നലെ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.