Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂലമറ്റത്തെ രണ്ടു ജനറേറ്ററുകൾക്ക് ചോർച്ച; അറ്റകുറ്റപ്പണി പിന്നീട്

തൊടുപുഴ∙ മൂലമറ്റം വൈദ്യുതി നിലയത്തിലെ രണ്ടു ജനറേറ്ററുകൾ ചോരുന്നു. നാല്, അഞ്ച് നമ്പർ ജനറേറ്ററുകളുടെ സ്‌പെറിക്കൽ വാൽവിലെ ഡൗൺ സ്ട്രീം സീലുകളിലാണ് ചോർച്ച കണ്ടെത്തിയിട്ടുള്ളത്. 

കാലപ്പഴക്കമാണു ചോർച്ചയ്ക്കിടയാക്കിയതെന്നാണു നിഗമനം. എന്നാൽ, വൈദ്യുതി ഉൽപാദനത്തെയോ വിതരണത്തെയോ ചോർച്ച നിലവിൽ ബാധിക്കില്ല. വൈദ്യുതി ഉൽപാദനത്തിൽ കുറവുണ്ടാകുമെന്നതിനാൽ തൽക്കാലത്തേക്ക് ഇവയുടെ അറ്റകുറ്റപ്പണി നിർത്തിവച്ചിരിക്കുകയാണ്. ജനറേറ്ററുകൾ പൂർണമായി നിർത്തി വാൽവുകൾ അഴിച്ച് പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ അളവ് അറിയാനും അറ്റകുറ്റപ്പണി നടത്താനുമാകൂ. ഇതിനു ചുരുങ്ങിയതു രണ്ടാഴ്ചയെങ്കിലുമെടുക്കും. അതിനാൽ, കേന്ദ്രപൂളിൽനിന്നു കൂടുതൽ വൈദ്യുതി ലഭിക്കുന്നതുവരെ അറ്റകുറ്റപ്പണി വൈകിപ്പിക്കാനാണു തീരുമാനം. 

വാർഷിക അറ്റകുറ്റപ്പണികളും ജനറേറ്ററിന്റെ തകരാറും വകവയ്ക്കാതെ നിലയം പൂർണതോതിൽ പ്രവർത്തിപ്പിക്കുകയാണിപ്പോൾ. മൂന്നു ജനറേറ്ററുകളുടെ വാർഷിക അറ്റകുറ്റപ്പണികളും രണ്ടു ജനറേറ്ററുകളുടെ സ്‌പെറിക്കൽ വാൽവിലെ തകരാറുകളും യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ടതുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ ഇവിടെ ജോലി നോക്കുന്ന പരിചയസമ്പന്നരായ ജീവനക്കാർ പൂർണമായും സ്ഥലംമാറിപ്പോകുന്നതോടെ നിലയത്തിലെ അറ്റകുറ്റപ്പണികൾ താളം തെറ്റും. 

മഴ മൂലം കൽക്കരി ലഭ്യത കുറഞ്ഞതിനാൽ കേന്ദ്രപൂളിലെ വൈദ്യുതി നിലയത്തിലെ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 3.60 രൂപയ്ക്കു ലഭിച്ചിരുന്ന വൈദ്യുതിയുടെ നിരക്ക് 9.60 രൂപയായാണ് ഉയർ‌ന്നത്. ഇതോടെ, ഉയർന്ന വിലയിൽ വൈദ്യുതി വാങ്ങുന്നതിനു പകരം സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കേരളം ഇരട്ടിയാക്കി.