Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറിച്ചിയെ ഹോമിയോ ഗ്രാമമായി വികസിപ്പിക്കാൻ കേന്ദ്ര പദ്ധതി

homeopathy

ന്യൂഡൽഹി∙ കോട്ടയത്തെ കുറിച്ചി പഞ്ചായത്തിനെ ഹോമിയോ ഗ്രാമമായി വികസിപ്പിക്കാൻ കേന്ദ്ര സർക്കാരിനു പദ്ധതി. സംസ്‌ഥാന സർക്കാരും പഞ്ചായത്തും സഹകരിച്ചാൽ ധനസഹായവും വിദഗ്‌ധരുമുൾപ്പെടെയുള്ള വിഭവശേഷി ലഭ്യമാക്കാമെന്ന് ആയുഷ് മന്ത്രാലയത്തിന്റെ അവലോകന യോഗത്തിൽ മന്ത്രി ശ്രീപദ് നായിക് വ്യക്‌തമാക്കി.

എന്തുകൊണ്ട് കുറിച്ചി?

മൂന്നു ഹോമിയോ സ്‌ഥാപനങ്ങളാണ് കുറിച്ചിയിലുള്ളത്. കേന്ദ്ര സർക്കാരിന്റെ ദേശീയ മാനസികാരോഗ്യ ഹോമിയോ ഗവേഷണ കേന്ദ്രം, എൻഎസ്‌എസ് ഹോമിയോ കോളജ്, സംസ്‌ഥാന സർക്കാരിന്റെ ഹോമിയോ ആശുപത്രി. ഹോമിയോ ചികിൽസാ സമ്പ്രദായം പ്രചരിപ്പിക്കുന്നതിൽ സ്വാമി ആതുരദാസ് ചെയ്‌ത സേവനങ്ങളും കേന്ദ്ര സർക്കാർ കണക്കിലെടുക്കുന്നു. ആരോഗ്യം സംസ്‌ഥാന പട്ടികയിലെ വിഷയമായതിനാൽ ഗ്രാമ പദ്ധതിക്കു സംസ്‌ഥാന സർക്കാരിന്റെ നിലപാടും സഹകരണവും നിർണായകമാവും.

ഹോമിയോ ഗ്രാമം പദ്ധതി വികസിപ്പിച്ചാൽ രാജ്യത്തു ഹോമിയോ ചികിൽസാ സമ്പ്രദായത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യത്തെ പേരായി കുറിച്ചി മാറുമെന്നാണ് ആയുഷ് മന്ത്രാലയ ജോയിന്റ് സെക്രട്ടറി പി.എൻ. രഞ്‌ജിത് കുമാർ പറയുന്നത്.

ദേശീയ പ്രാധാന്യം മാത്രമല്ല കുറിച്ചിക്കു ലഭിക്കുക – ഹോമിയോ സമ്പ്രദായത്തിനു പ്രാധാന്യം കൽപിക്കുന്ന ബ്രസീൽ, ജർമനി, ഫ്രാൻസ് ഉൾപ്പെടെ പല രാജ്യങ്ങളുമായി സഹകരിച്ചു കുറിച്ചിയിൽ ഗവേഷണ, പഠന, ചികിൽസാ പദ്ധതികൾ വികസിപ്പിക്കാനാവും. രാജ്യത്ത് എവിടെ ഹോമിയോ സമ്പ്രദായം പഠിക്കുന്ന വിദ്യാർഥികളും കുറിച്ചിയിലെത്തി ഈ മേഖലയിലെ വികസനങ്ങൾ നേരിട്ടു മനസ്സിലാക്കുന്ന സാഹചര്യമുണ്ടാവും. പഞ്ചായത്തിലെ വഴികൾക്കും ഉദ്യാനങ്ങൾക്കും ഹോമിയോ മേഖലയിലെ അതികായരുടെ പേരിടുക, ചികിൽസാ സമ്പ്രദായവുമായി ബന്ധപ്പെട്ട മ്യൂസിയങ്ങൾ സ്‌ഥാപിക്കുക തുടങ്ങിയവയും ഉൾപ്പെടുന്നതാണു പദ്ധതി.

സ്വാമി ആതുരദാസിന്റെ വെങ്കല പ്രതിമ ദേശീയ കേന്ദ്രത്തിൽ സ്‌ഥാപിക്കാനും ജീവചരിത്രം പ്രസിദ്ധീകരിക്കാനും തീരുമാനമുണ്ട്.

ഹോമിയോ പഠനവും ചികിൽസയും എഴുപതു രാജ്യങ്ങളിലെങ്കിലും ഹോമിയോ സമ്പ്രദായത്തിനു പ്രചാരമുണ്ടെന്നാണു കേന്ദ്ര ഹോമിയോ ഗവേഷണ കൗൺസിൽ (സിസിആർഎച്ച്) മേധാവി ഡോ. ആർ.കെ. മൻചന്ദ്ര പറയുന്നത്. ഏഴു രാജ്യങ്ങളിലെ ഹോമിയോ സ്‌ഥാപനങ്ങളുമായി സഹകരിച്ചു പഠന, ഗവേഷണങ്ങൾക്കു സിസിആർഎച്ച് ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.

ഇന്ത്യയിൽ പൊതു, സ്വകാര്യ മേഖലകളിലായി ഏകദേശം 200 ഹോമിയോ കോളജുകളുണ്ട്; കൊൽക്കത്തയിലും കുറിച്ചിയിലും ദേശീയ ഗവേഷണ സ്‌ഥാപനങ്ങളും. ഏകദേശം 2000 കോടി രൂപയാണു രാജ്യത്ത് ഹോമിയോ ഔഷധ മേഖലയിലെ വിറ്റുവരവ്. 

മോദിക്കിഷ്ടം ഹോമിയോയും

ആയുർവേദമെന്നപോലെ ഹോമിയോ മരുന്നുകളും ഉപയോഗിക്കുന്നയാളാണു പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പുകാലത്തു ശബ്‌ദം സംരക്ഷിക്കാൻ അദ്ദേഹം ആശ്രയിക്കുന്നതു ഹോമിയോ മരുന്നുകളെയാണെന്നു ചികിൽസയുമായി ബന്ധപ്പെട്ടവർ പറയുന്നു.