Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോമിയോപ്പതിക്കും ഇന്ത്യൻ ചികിത്സയ്ക്കും ദേശീയ കമ്മിഷൻ

Homeopathy

ന്യൂഡൽഹി∙ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയും ആതുരശുശ്രൂഷാ രംഗവും സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി ഹോമിയോപ്പതിക്കും ഇന്ത്യൻ ചികിത്സാ രീതികൾക്കും ദേശീയ കമ്മിഷൻ രൂപവൽക്കരിക്കാനുള്ള ബില്ലുകൾക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇന്ത്യൻ അലോപ്പതി മെഡിക്കൽ കമ്മിഷൻ രൂപവൽക്കരിക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു. അതിനുള്ള ബിൽ ഇപ്പോൾ പാർലമെന്റിന്റെ പരിഗണനയിലാണ്.

ഇതനുസരിച്ച് ഓരോ കമ്മിഷനു കീഴിലും 3 സ്വയംഭരണ ബോർഡുകളും രൂപവൽക്കരിക്കും. ഒന്ന് വിദ്യാഭ്യാസ ബോർഡ്. ഈ ബോർഡ് ആയിരിക്കും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അനുമതി നൽകുക, രണ്ട്– അസസ്മെൻറ് ബോർഡ്. ഇതായിരിക്കും ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുക. മൂന്നാമത്തേത് ബോർഡ് ഓഫ് എത്തിക്സ്. ചികിൽസിക്കുന്നവർ പാലിക്കേണ്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും നിശ്ചയിക്കുകയും അവ നടപ്പാക്കുന്നുണ്ടോ എന്ന് മേൽനോട്ടം വഹിക്കുകയും ചെയ്യും.

നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി ബിൽ 2018 നിലവിൽ വരുന്നതോടെ ഇപ്പോഴുള്ള സെൻട്രൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി ഇല്ലാതാവുകയും നാഷനൽ കമ്മിഷൻ നിലവിൽ വരികയും ചെയ്യും.

ഇന്ത്യൻ ചികിത്സാ രീതികളിൽ ആയുർവേദം, യുനാനി, സിദ്ധ, സോവാ–രിഗ്പ (ടിബറ്റൻ വൈദ്യം) എന്നിവയാണ് വരിക. അലോപ്പതി മെഡിസിന് ഇപ്പോൾ നിലവിലുള്ളതു പോലെ ഹോമിയോപ്പതിക്കും ഇന്ത്യൻ ചികിത്സാ രീതികൾക്കും പ്രവേശന പരീക്ഷ കൊണ്ടുവരും. അധ്യാപകരുടെ നിലവാരം ഉറപ്പു വരുത്താൻ യോഗ്യതാ പരീക്ഷ ഏർപ്പെടുത്തും.