Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരുന്നു വിദേശ മണൽ; ഇറക്കുമതിക്കു നിയമതടസ്സമില്ല

sand-pile

തിരുവനന്തപുരം ∙ വിദേശത്തുനിന്നു മണൽ ഇറക്കുമതി ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനം. മണലിന്റെ ദൗർലഭ്യവും അമിതമായി മണൽ വാരുന്നതുമൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും കാരണമാണ് ഇറക്കുമതിക്ക് അനുമതി നൽകുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതയോഗത്തിലാണു തീരുമാനം. 

വിദേശത്തുനിന്നു മണൽ ഇറക്കുമതിക്കു നിയമതടസ്സമില്ല. സംസ്ഥാന മൈനിങ് ആൻ‍ഡ് ജിയോളജി വകുപ്പിന്റെ അനുമതി വേണം. കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. മലേഷ്യ, വിയറ്റ്നാം, കംബോഡിയ മുതലായ രാജ്യങ്ങളാണു മണൽ കയറ്റുമതി ചെയ്യുന്നത്. കേരളത്തിന് ഒരുവർഷം മൂന്നു കോടി ടൺ മണൽ ആവശ്യമുണ്ട്. ഇതിന്റെ ചെറിയ ശതമാനം മാത്രമാണു സംസ്ഥാനത്തെ പുഴകളിൽനിന്നു ലഭിക്കുന്നത്. 

മണൽക്ഷാമം രൂക്ഷമായതോടെ ഒരു ഘന അടിക്ക് 140 രൂപ വരെ വില ഉയർന്നു. തമിഴ്നാട്ടിൽനിന്നു മണൽ എത്തിക്കാനും നിയന്ത്രണമുണ്ട്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഇറക്കുമതിക്കു തീരുമാനം.

ജലസംഭരണികളിലെ മണൽ വാരൽ; മുൻ പദ്ധതി പാളി

അണക്കെട്ടുകളോട് അനുബന്ധിച്ചുള്ള ജലസംഭരണികളിലെ മണൽ ലേലംചെയ്‌ത് അധികവരുമാനം കണ്ടെത്താനുള്ള തീരുമാനം വി.എസ്. അച്യുതാനന്ദൻ സർക്കാർ 2009ൽ എടുത്തിരുന്നു. സംഭരണികളിൽ 40% വരെ മണ്ണടിഞ്ഞു കിടക്കുന്നതായാണ് കണക്കാക്കിയത്. 15,000 കോടി രൂപയുടെ മണൽ സർക്കാർ പ്രതീക്ഷിച്ചു. മലമ്പുഴ ഡാമിലെ മണൽ പരസ്യ ടെൻഡറിലൂടെ നൽകാൻ തീരുമാനിച്ചു, എന്നാൽ പദ്ധതി മുന്നോട്ടുപോയില്ല. 

വിദേശ മണൽ വേണ്ടെന്നുവച്ച് തമിഴ്നാട് 

ചെന്നൈ∙ മണൽക്ഷാമം നേരിടാൻ മലേഷ്യയിൽ നിന്നു മണൽ ഇറക്കുമതി ചെയ്യാനുള്ള നീക്കം തമിഴ്നാട്ടിലെ നിർമാണക്കമ്പനികൾ ഉപേക്ഷിച്ചു. തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ ലഭിക്കുന്ന മണലിനെക്കാൾ വിലയാണ് ഇറക്കുമതി മണലിനെന്നു  പ്രമുഖ നിർമാണ കമ്പനികൾ പറയുന്നു. ഗുണമേന്മയിലെ പോരായ്മയും പദ്ധതി ഉപേക്ഷിക്കാൻ കാരണമായി. ഘനഅടിക്ക് 120 രൂപ‌യുള്ളപ്പോൾ മലേഷ്യയിൽനിന്നും കംബോഡിയയിൽനിന്നും മൂന്നിലൊന്നു വിലയ്ക്ക് ഇറക്കുമതി ചെയ്യാനായിരുന്നു തീരുമാനം.