Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊന്നാനിയിലെ മണൽഖനന പദ്ധതിക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി

Sand mining

ന്യൂഡൽഹി∙ സംസ്ഥാന സർക്കാർ പൊന്നാനിയിൽ നടപ്പാക്കുന്ന മണൽ ഖനന-ശുദ്ധീകരണ പദ്ധതിക്കു സുപ്രീം കോടതിയുടെ പച്ചക്കൊടി. പദ്ധതി തടഞ്ഞ ഹരിത ട്രൈബ്യൂണലിന്റെ (എൻജിടി) നടപടി സ്റ്റേ ചെയ്ത ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.

എൻജിടി ഉത്തരവു സ്റ്റേ ചെയ്യാൻ ഹൈക്കോടതിക്ക് അധികാരമില്ലെ‌ന്നു ചൂണ്ടിക്കാട്ടി പൊന്നാനി സ്വദേശി സക്കീർ നൽകിയ പരാതിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് തള്ളിയത്. പദ്ധതിയുടെ ഭാഗമായി മണൽ ശുദ്ധീകരിക്കുന്നതിനും വിൽക്കുന്നതിനും ഇനി തടസ്സമില്ല. ആവശ്യമെങ്കിൽ പരാതിക്കാരനു ഹൈക്കോടതിയെ സമീപിക്കാം.

ഭാരതപ്പുഴയിൽ നിന്നെടുക്കുന്ന മണൽ കുറ്റിപ്പുറം കിൻഫ്ര ഭൂമിയിലെ സ്വകാര്യ കമ്പനിയിലെത്തിച്ചു ശുദ്ധീകരിച്ചുവിൽക്കുന്ന പദ്ധതിക്കെതിരെയാണു സ്വകാര്യവ്യക്തി ‌ട്രൈബ്യൂണലിനെ സമീപിച്ചത്. മണൽ ശുദ്ധീകരണത്തിനു കൊണ്ടുപോകുന്നതും വിൽക്കുന്നതും ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് തടഞ്ഞിരുന്നു. എന്നാൽ, പുഴയ്‌ക്ക് ആഴംകൂട്ടുന്നതിന്റെ ഭാഗമായി മണൽ വാരാൻ അനുമതി നൽകി.

ഇതിനെതിരെ സംസ്ഥാന സർക്കാരും തുറമുഖവകുപ്പും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.