Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുണ്ടറ അലിൻഡ്: പാട്ടക്കരാർ നീട്ടേണ്ടെന്ന് റവന്യു വകുപ്പ്

alind-kundara-file-pic

കൊല്ലം ∙ കുണ്ടറ അലിൻഡിന്റെ ഭൂമിക്കു പാട്ടക്കരാർ നീട്ടി നൽകേണ്ടതില്ലെന്നു റവന്യു വകുപ്പ് തീരുമാനം. ഭൂമി കൈമാറ്റം വിവാദമായതോടെ, പാട്ടക്കരാർ നീട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിന്റെ തീരുമാനം നടപ്പാക്കേണ്ടതില്ലെന്നു റവന്യു വകുപ്പ് നിലപാടെടുക്കുകയായിരുന്നു.

പാട്ടക്കരാർ പുതുക്കിക്കിട്ടുമെന്ന പ്രതീക്ഷയിൽ കുണ്ടറ ഗ്രാമപഞ്ചായത്ത്, ഫാക്ടറീസ് ആൻഡ് ബോയ്​ലേഴ്സ് വകുപ്പ് തുടങ്ങിയവയുടെ താൽകാലിക അനുമതി വാങ്ങിയാണ് ഇപ്പോൾ കുണ്ടറ യൂണിറ്റിന്റെ പ്രവർത്തനം. റവന്യു വകുപ്പിന്റെ തീരുമാനത്തോടെ, കഴിഞ്ഞ ചിങ്ങം ഒന്നിനു മുഖ്യമന്ത്രി ഔദ്യോഗികമായി തുറന്നുകൊടുത്ത കുണ്ടറ യൂണിറ്റ് വീണ്ടും അടച്ചുപൂട്ടലിന്റെ വക്കിലായി. കുണ്ടറയിലെ 66 ഏക്കറോളം ഭൂമിയിൽ 58 ‌ഏക്കറാണു പാട്ടഭൂമി.

പ്രമോട്ടർമാരായ സൊമാനി ഗ്രൂപ്പിനു പാട്ടക്കരാർ നീട്ടി നൽകുന്നതു കമ്പനിയുടെ കോടികൾ വിലമതിക്കുന്ന ഭൂമി മറിച്ചുവിൽക്കാൻ വഴിയൊരുക്കുമെന്ന ആരോപണത്തെ തുടർന്നാണു റവന്യു വകുപ്പിന്റെ തീരുമാനം. നേരത്തെ റവന്യു – വ്യവസായ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ഇതേ നിലപാടെടുത്തിരുന്നു. പാട്ടക്കരാർ നീട്ടി നൽകേണ്ടതില്ലെന്ന് ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരിക്കെ തീരുമാനമുണ്ടായിരുന്നു. ഇതു മറികടന്നാണു കഴിഞ്ഞ ജൂലൈ 31നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം 1996ൽ അവസാനിച്ച പാട്ടക്കരാർ നീട്ടാൻ തീരുമാനിച്ചത്.

കമ്പനിയുടെ പുനരുദ്ധാരണത്തിനു നിക്ഷേപം നടത്തുന്ന സ്ട്രാറ്റജിക് ഇൻവെസ്റ്റർ എന്ന പേരിൽ സൊമാനി ഗ്രൂപ്പ് അവതരിപ്പിച്ച ഹൈദരാബാദ് ആസ്ഥാനമായ വോൾട്ടാസ് ഇംപെക്സ് എന്ന കമ്പനിക്കാണു കേരളത്തിലെ അലി‍ൻഡിന്റെ പ്രവർത്തന ചുമതലയെന്ന ഔദ്യോഗിക വിശദീകരണത്തിൽ പൊരുത്തക്കേടുണ്ടെന്നു വ്യക്തമാക്കുന്ന രേഖകളും ഇതിനിടെ പുറത്തുവന്നു. മുംബൈ ആസ്ഥാനമായ വിജയ് ഭാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അലിൻഡിന്റെ ബഹുഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കിയെന്ന രേഖകളാണു പുറത്തായത്.

സൊമാനി ഗ്രൂപ്പിന്റെ അസോഷ്യേറ്റ് കമ്പനി എന്നാണു വിജയ് ഭാൻ അറിയപ്പെടുന്നത്. ഈ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ സൊമാനി ഗ്രൂപ്പിലെ പ്രമുഖരുണ്ടുതാനും. കമ്പനിയുടെ പുനരുദ്ധാരണത്തിനു 2012ൽ തയാറാക്കിയ പാക്കേജിൽ സൊമാനിയുടെ കൈവശമുള്ള ഓഹരികൾ 44.44% മാത്രമായിരുന്നു. 2014–15 ആയപ്പോഴേക്കും വിജയ് ഭാൻ കമ്പനി കടന്നുവന്നു. നിലവിൽ 70.15% ഓഹരികളും ഈ കമ്പനിയുടെ കൈവശമാണ്. 1989ൽ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി സൊമാനി ഗ്രൂപ്പ് കടന്നുവരുന്നതുവരെ 27 ലക്ഷം ഓഹരികൾ പൊതുജനങ്ങൾക്കും സർക്കാരിനുമായി ഉണ്ടായിരുന്നു. അത് ഇപ്പോൾ ഒരു ശതമാനം മാത്രമായി.

പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി സൊമാനി ഗ്രൂപ്പ് നിക്ഷേപിച്ച തുകയും ഓഹരികളാക്കി മാറ്റിയാണ് അലിൻഡിന്റെ ബഹുഭൂരിപക്ഷം ഓഹരികളും സൊമാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. ഓഹരിവില 10 രൂപയിൽ നിന്ന് ഒരു രൂപയായി കുറച്ചതോടെ സർക്കാരിനും പൊതുജനങ്ങൾക്കുമുണ്ടായിരുന്ന ഓഹരിയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു.

അലിൻഡിന്റെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതു വോൾട്ടാസ് ഇംപെക്സ് എന്ന കമ്പനി തന്നെയാണെന്നു കുണ്ടറ അലി‍ൻഡ് സിഇഒ ആർ.ശ്രീകുമാർ പറഞ്ഞു. സ്ട്രാറ്റജിക് ഇൻവെസ്റ്റർ ആണു വോൾട്ടാസ്. നിലവിൽ ഭൂരിപക്ഷം ഓഹരികളും കൈവശമുള്ളതു വിജയ് ഭാൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് കൺസൽറ്റൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ്. ഇതു സൊമാനി ഗ്രൂപ്പിന്റെ അസോഷ്യേറ്റ് കമ്പനിയാണ്.

റെയിൽവേയ്ക്ക് ആവശ്യമായ കൺട്രോൾ മെക്കാനിസത്തിന്റെ ചില ഭാഗങ്ങളുടെ നിർമാണമാണു കുണ്ടറയിൽ തുടങ്ങാൻ പോകുന്നത്. ഇതിന്റെ ഭാഗമായി മാന്നാറിൽ നിന്നു വിദഗ്ധരെ കൊണ്ടുവന്നു തൊഴിലാളികൾക്കു പരീശിലനം നൽകിത്തുടങ്ങി. പ്ലാന്റും പ്രവർത്തനക്ഷമമാക്കി. തൊഴിലാളികളുടെ സേവന – വേതന വ്യവസ്ഥ സംബന്ധിച്ച് ഇന്നു ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ചർച്ച നടത്തുന്നുണ്ട്. ഇതു കഴിഞ്ഞാലുടൻ ഉൽപാദനം ആരംഭിക്കാനാവും. പാട്ടക്കരാർ പുതുക്കി നൽകുന്നില്ലെങ്കിൽ ഇതെല്ലാം അവതാളത്തിലാകുമെന്നും ശ്രീകുമാർ പറഞ്ഞു.