Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലിൻഡ് ഭൂമി വിൽക്കാൻ ഉദ്ദേശ്യമില്ല; ഉൽപ്പാദനം ആരംഭിക്കും: കമ്പനി സിഇഒ

ALIND CEO

തിരുവനന്തപുരം∙ അലിൻഡ് ഭൂമി വിൽക്കാൻ ഉദ്ദേശമില്ലെന്നു കമ്പനി സിഇഒയുടെ വിശദീകരണം. കെഎസ്ഇബിയിൽനിന്ന് ഓർഡർ കിട്ടിയതിനുശേഷം കുണ്ടറ യൂണിറ്റിൽ ഉൽപാദനം ആരംഭിക്കും. ഫാക്ടറിക്കുവേണ്ട പ്രവർത്തന മൂലധനം നൽകാൻ പ്രൊമോട്ടർ ഗ്രൂപ്പ് തയാറാണെന്നും സിഇഒ ആർ. ശ്രീകുമാർ അവകാശപ്പെട്ടു. അലിൻഡിന്റെ 1,300 കോടി രൂപയോളം വരുന്ന ആസ്തി വിൽക്കുകയാണു സൊമാനി ഗ്രൂപ്പിന്റെ ഉദ്ദേശമെന്ന് സർക്കാർ എഎഐഎഫ്ആറിൽ (അപ്പല്ലേറ്റ് അതോറിറ്റി ഓഫ് ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീകൺസ്ട്രക്‌ഷൻ) നൽകിയ അപ്പീലിൽ വ്യക്തമാക്കിയിരുന്നു.

കുണ്ടറ അലിൻഡ് ഭൂമിയുടെ പാട്ടക്കാലാവധി പുതുക്കേണ്ട എന്നു റവന്യുവകുപ്പ് തീരുമാനിച്ചിരുന്നു. പാട്ടക്കാലാവധി പഴയനിരക്കിൽ പുതുക്കണമെന്നു ബിഐഎഫ്ആർ (ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാന്‍ഷ്യൽ റീകൺസ്ട്രക്‌ഷൻ) ഓർഡറിലുണ്ടെന്നു ശ്രീകുമാർ പറഞ്ഞു. യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്തി ഓടുന്ന സ്ഥിതിയിലാണ് എന്നാൽ ഉൽപാദനം തുടങ്ങണമെങ്കിൽ കെഎസ്ഇബിയിൽനിന്ന് ഓർഡർ കിട്ടണം.

ഓർഡർ കിട്ടി അസംസ്കൃത വസ്തുക്കളും ഇറക്കുമതി ചെയ്താൽ മൂന്നാഴ്ചയ്ക്കുശേഷം ഉൽപാദനം തുടങ്ങാമെന്നാണ് അവകാശവാദം. ഇപ്പോൾ സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങൾക്കായി കാത്തുനിൽക്കുകയാണെന്നും ശ്രീകുമാർ പറഞ്ഞു.