Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലിൻഡ്: പാട്ടക്കരാർ നീട്ടിയതിനു പിന്നിൽ വൻ നിഗൂഢത

alind-kundara-file-pic

കൊല്ലം ∙ അലിൻഡിന്റെ കോടികൾ വിലമതിക്കുന്ന ഭൂമി വിറ്റഴിക്കുകയാണു പ്രമോട്ടർമാരായ സൊമാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ഉമ്മൻചാണ്ടി സർക്കാരും ഈ സർക്കാരിൽ ഇ.പി.ജയരാജൻ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പും സ്വീകരിച്ച നിലപാടുകൾ തള്ളി ഭൂമിയുടെ പാട്ടക്കരാർ നീട്ടി നൽകിയതിനു പിന്നിൽ വൻ നിഗൂഢത. ഓഹരികളിൽ പൂർണ മേധാവിത്വം കൈക്കലാക്കിയ ശേഷം കമ്പനിയുടെ ഭൂമി വിൽക്കുകയാണു സൊമാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്നു ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസിൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു 2014 ൽ സമർപ്പിച്ച സത്യവാങ്മൂലം പറയുന്നു.

2014 ജൂണിൽ ഓഹരി ഉടമകളുടെ ജനറൽ ബോഡി വിളിച്ചുകൂട്ടാൻ കമ്പനി തീരുമാനിച്ചെങ്കിലും ഈ വിവരം ഓഹരി ഉടമകളായ സംസ്ഥാന സർക്കാരിനെയോ പൊതുജനങ്ങളെയോ അറിയിച്ചില്ലെന്നും വ്യക്തമാക്കിയാണു ജനറൽ ബോഡി തടയണമെന്നു സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്. 30 വർഷത്തിൽ കൂടുതൽ ഭൂമി പാട്ടത്തിനു നൽകേണ്ടതില്ലെന്നാണു സർക്കാരിന്റെ നയമെന്നും അതിനാൽ സൊമാനി ഗ്രൂപ്പിനു പാട്ടക്കരാർ നീട്ടിനൽകാനാവില്ലെന്നും സർക്കാർ അന്നു വ്യക്തമാക്കി. പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ചു സംസ്ഥാന സർക്കാരുമായി തർക്കം നിലനിൽക്കുമ്പോൾ തന്നെ, 45 കോടി ഓഹരികൾ വിൽക്കാൻ തീരുമാനിച്ചതിനെതിരെയാണു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വാദിച്ചത്.

സംസ്ഥാന സർക്കാരിനെ അറിയിക്കാതെ ജനറൽ ബോഡി യോഗം വിളിച്ചത് ഓഹരി വിൽപന ഏകപക്ഷീയമായി തീരുമാനിക്കാനായിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഓഹരി വിൽപ്പനയിലൂടെ കമ്പനിയുടെ 98.5% ഓഹരികളും സൊമാനി ഗ്രൂപ്പും പങ്കാളികളും കൂടി കൈക്കലാക്കുമെന്നും സർക്കാരിന്റെ വിഹിതം ഒന്നര ശതമാനമായി താഴുമെന്നും ചൂണ്ടിക്കാട്ടി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു ബോർഡ് ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീ കൺസ്ട്രക്‌ഷനിൽ വ്യവസായ വകുപ്പ് സമർപ്പിച്ച രേഖയിലും (സ്റ്റാറ്റ്യൂട്ടറി ഒബ്ജക്‌ഷൻ) ഇതേ നിലപാട് ആവർത്തിക്കുന്നുണ്ട്. പിന്നീട്, ഈ സർക്കാരിന്റെ കാലത്തു കമ്പനി പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു അപ്പലേറ്റ് അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ ആൻഡ് ഫിനാൻഷ്യൽ റീ കൺസ്ട്രക്‌ഷനിൽ (എഎഐഎഫ്ആർ) സർക്കാർ സമർപ്പിച്ച അപ്പീലിലും സൊമാനി ഗ്രൂപ്പിന്റെ ലക്ഷ്യം കൃത്യമായി വിവരിക്കുന്നു.

കമ്പനിയുടെ പുനരുദ്ധാരണം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോയി 1,300 കോടിയോളം രൂപ വിലവരുന്ന സ്വത്തുക്കൾ വിൽക്കുകയാണു സൊമാനി ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് അപ്പീലിൽ സർക്കാർ ആരോപിച്ചു. അതിനാൽ അലിൻഡിനെ ഏറ്റെടുക്കാൻ സർക്കാരിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഈ വാദങ്ങളൊക്കെ തള്ളിയാണു കഴിഞ്ഞ ജൂലൈയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം പാട്ടക്കരാർ നീട്ടി നൽകാൻ തീരുമാനിച്ചത്. ഇതിനു പിന്നിൽ നിഗൂഢമായ താൽപര്യങ്ങളുണ്ടെന്നു സംശയിച്ചാണു പാട്ടക്കരാർ നീട്ടേണ്ടതില്ലെന്നു റവന്യു വകുപ്പ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

അലിൻഡിൽ എട്ടേക്കർ സ്വന്തമെന്നു സൊമാനി

കുണ്ടറ അലിൻഡിൽ സൊമാനി ഗ്രൂപ്പിനു എട്ടേക്കർ ഭൂമി സ്വന്തമായി ഉണ്ടെന്ന അവകാശവാദവുമായി സൊമാനി ഗ്രൂപ്പ് രംഗത്തുവന്നതു സ്ഥിതി സങ്കീർണമാക്കി. പാട്ടത്തിനു നൽകിയിരുന്ന ഭൂമിയും സൊമാനി ഗ്രൂപ്പിനു സ്വന്തമായുണ്ടെന്നു പറയുന്ന ഭൂമിയും വേർതിരിച്ച് അറിയാൻ വഴിയുമില്ല. റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ ഭൂമി അളന്നു തിട്ടപ്പെടുത്തേണ്ടി വരും. കമ്പനിക്കു അലിൻഡിനുള്ളിൽ സ്വന്തം ഭൂമിയുള്ള വിവരം ഇപ്പോഴാണു പുറത്താകുന്നത്. 36.38 ഏക്കർ 19.08 ഏക്കർ, 7.03 ഏക്കർ എന്നിങ്ങനെ മൂന്നു തവണയായാണു ഭൂമി പാട്ടത്തിനു നൽകിയതെന്നു കമ്പനി സെക്രട്ടറിയും ഡയറക്ടറുമായ ജയകുമാർ ചെട്ടിയാർ പറയുന്നു.

ഇതിൽ ആദ്യത്തെ രണ്ടു ഭൂമിയുടെയും പാട്ടക്കരാർ കാലാവധി 1996ൽ തീർന്നു. ഏഴേക്കറിലധികം വരുന്ന ഭൂമി കമ്പനി വാങ്ങിയതോടെ കമ്പനിക്കു ഇവിടെ ആകെയുള്ള ഭൂമി എട്ടേക്കറായെന്നും ജയകുമാർ പറഞ്ഞു. ഓഹരി വിൽപനയ്ക്കു അംഗീകാരം വാങ്ങാൻ വിളിച്ച ജനറൽ ബോഡി യോഗം സംസ്ഥാന സർക്കാരിനെ അറിയിച്ചില്ലെന്ന വാദം കമ്പനി സെക്രട്ടറി തള്ളി. സിക് ഇൻഡസ്ട്രിയൽ കമ്പനീസ് (സ്പെഷൽ പ്രൊവിഷൻസ്) ആക്ട് 1985 പ്രകാരം, കമ്പനിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പായിത്തുടങ്ങിയാൽ ഓഹരി ഉടമകളുടെ യോഗം വിളിക്കേണ്ട കാര്യം പോലുമില്ല. എന്നിട്ടും പ്രത്യേക ഏജൻസി വഴി എല്ലാവരെയും ജനറൽ ബോഡി യോഗം അറിയിച്ചു.