Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമപ്രവർത്തകർക്ക് വിലക്ക്; ഗതാഗതം തടഞ്ഞു

cantonment-gate-media-denied-entry

തിരുവനന്തപുരം∙ ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ മാധ്യമപ്രവർത്തകർക്കു വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എ.കെ.ശശീന്ദ്രൻ കേസ് അന്വേഷണ കമ്മിഷൻ ജസ്റ്റിസ് പി.എസ്.ആന്റണിയും എത്തിയതു കനത്ത പൊലീസ് സുരക്ഷയിൽ. രാവിലെ 9.30നു മുഖ്യമന്ത്രി എത്തുന്നതിനു മുൻപായി സമീപത്തുള്ള എല്ലാ റോഡുകളിലെയും ഗതാഗതം തടഞ്ഞു.

ഗേറ്റിനു മുന്നിൽ കൂടിനിന്നിരുന്ന മാധ്യമപ്രവർത്തകരെ ഇരുവശത്തേക്കും മാറ്റിനിർത്തി. റോഡിലുണ്ടായിരുന്നു കെഎസ്ആർ‌ടിസി ബസിന്റെ ഡ്രൈവറോടും ചെറുവാഹനങ്ങളോടും വഴിമാറാൻ പൊലീസ് ഉദ്യോഗസ്ഥർ ആക്രോശിച്ചു. എസ്കോട്ട് വാഹനത്തിന്റെ ഹോൺ തുടരെ മുഴക്കിയതോടെ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയും കാറും വശങ്ങളിലേക്ക് ഒതുക്കി മുഖ്യമന്ത്രിക്കു വഴിയൊരുക്കി.

ജസ്റ്റിസ് പി.എസ്.ആന്റണിയുമായി മാധ്യമങ്ങൾക്ക് ഇടപഴകാൻ അനുവദിക്കാതെ പൊലീസ് അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ കാർ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് എത്തിയത്. തിരിച്ചിറങ്ങിയപ്പോൾ മാധ്യമപ്രവർത്തകർ കാറിനടുത്ത് എത്താൻ ശ്രമിച്ചെങ്കിലും പൊലീസ് സഹായത്തോടെ വാഹനം അതിവേഗത്തിൽ തൈക്കാട് ഗെസ്റ്റ് ഹൗസിലേക്കു നീങ്ങി. ഗതാഗതം തടസ്സപ്പെടുത്തി ഹോണുകൾ മുഴക്കി അതിവേഗത്തിൽ മുഖ്യമന്ത്രിയുടെ വാഹവവ്യൂഹം കടന്നുപോകുന്നതു നഗരത്തിലെ പതിവുകാഴ്ചയാണ്.