Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചലച്ചിത്രമേള ഇന്നു സമാപിക്കും

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്നു കൊടിയിറങ്ങും. സുവർണ, രജത ചകോരങ്ങൾ നേടുന്ന സിനിമകൾ ഏതൊക്കെയെന്ന് ഇന്നറിയാം. വൈകിട്ട് ആറിനു നിശാഗന്ധിയിൽ സമാപന സമ്മേളനം മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റഷ്യൻ സംവിധായകൻ അലക്‌സാണ്ടർ സൊകുറോവിന് മന്ത്രി എ.കെ.ബാലൻ സമ്മാനിക്കും. സുവർണചകോരത്തിന് അർഹമാകുന്ന ചിത്രം സമാപന ചടങ്ങിനു ശേഷം പ്രദർശിപ്പിക്കും.

മികച്ച സംവിധാനത്തിനും നവാഗത സംവിധാനത്തിനുമുള്ള രജത ചകോരം, പ്രേക്ഷകർ തിരഞ്ഞെടുത്ത മികച്ച ചിത്രം, ഫിപ്രസി, നെറ്റ്പാക് പുരസ്‌കാരങ്ങൾ, മികച്ച മലയാള ചിത്രത്തിനുള്ള അംഗീകാരം എന്നിവയും സമ്മാനിക്കും. കൺട്രി ഫോക്കസ്, ഹോമേജ്, റീസ്റ്റോർഡ് ക്ലാസിക്‌സ്, കണ്ടംപററി മാസ്റ്റേഴ്‌സ് ഇൻ ഫോക്കസ് തുടങ്ങിയ വിഭാഗങ്ങളിലായി 65 രാജ്യങ്ങളിൽനിന്നുള്ള 190 ചിത്രങ്ങൾ ഇത്തവണ മേളയിൽ പ്രദർശിപ്പിച്ചു. ഏഷ്യൻ സിനിമാ വിഭാഗവും മലയാള സിനിമയിലെ അവൾക്കൊപ്പം എന്ന വിഭാഗവും സവിശേഷതയായി.  മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾക്കു പുറമെ 'ദ യങ് കാൾ മാർക്‌സ്', 'വില്ലേജ് റോക്ക് സ്റ്റാർസ്', 'ഡ്ജാം', '120 ബി.പി.എം', 'റീഡൗട്ടബിൾ' തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി.