Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിത്തു വധം: അമ്മ ജയമോൾ അറസ്റ്റിൽ

Jayamol മകനെ കൊന്ന കേസിൽ ജയമോളെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ

കുരീപ്പള്ളി (കൊല്ലം)∙ ഒൻപതാം ക്ലാസ് വിദ്യാർഥി കുരീപ്പള്ളി സെബദിയിൽ ജോബ് ജി. ജോണിന്റെ മകൻ ജിത്തു ജോബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു ഉപേക്ഷിച്ചത് അമ്മ ജയമോൾ തന്നെയെന്നു പൊലീസ്. താൻ ഒറ്റയ്ക്കാണു കൊല നടത്തിയതെന്ന് ഇവർ മൊഴിയിൽ ഉറച്ചു നിന്നതോടെ പൊലീസ് ജയമോളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നാടിനെ നടുക്കിയ സംഭവത്തിൽ, മകനെ കൊലപ്പെടുത്തിയ രീതി ജയമോൾ പൊലീസിനോടു വിവരിച്ചു. തന്റെ ശരീരത്തിൽ സാത്താൻ കയറിയപ്പോഴാണ് ഇങ്ങനെ ചെയ്തതെന്ന ഇവരുടെ മൊഴിയെ തുടർന്നു ജയമോളെ പൊലീസ് തിരുവനന്തപുരത്തു പരിശോധനയ്ക്കു വിധേയയാക്കിയെങ്കിലും മാനസികാരോഗ്യനിലയിൽ ഒരു കുഴപ്പവുമില്ലെന്നു കണ്ടെത്തി.

ജയമോളുടെ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിനു പിന്നിലെ കാരണത്തെക്കുറിച്ചു വിശദമായി അന്വേഷിക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ എ.ശ്രീനിവാസ് പറഞ്ഞു. ജയമോളെ ഇന്നലെ വീട്ടിൽ കൊണ്ടുവന്നു തെളിവെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഭർത്താവിന്റെ വീട്ടുകാരുമായി ഓഹരിയെച്ചൊല്ലി ജയമോൾക്കു തർക്കമുണ്ടായിരുന്നു. തിങ്കൾ വൈകിട്ട് അവിടെ പോയി മടങ്ങിയെത്തിയ ജിത്തുവിനോടു ജയമോൾ ഓഹരിയെക്കുറിച്ച് എന്തു പറഞ്ഞെന്ന് ആരാഞ്ഞു. മറുപടിയിൽ പ്രകോപിതയായ ജയമോൾ, അടുക്കളയിലെ സ്ലാബിനു മുകളിൽ ഇരിക്കുകയായിരുന്ന ജിത്തുവിനെ തള്ളിത്താഴെയിട്ടു. തലയിടിച്ചു വീണ ജിത്തുവിന്റെ കഴുത്തിൽ ഷാൾ മുറുക്കി. മരണം ഉറപ്പാക്കാൻ വെട്ടുകത്തി കൊണ്ടു കഴുത്തിനു വെട്ടി. സംഭവസമയം ജിത്തുവിന്റെ സഹോദരി ടീന ബന്ധുവീട്ടിലായിരുന്നുവത്രെ.

വീടിനു പുറകിൽ മതിലിനോടു ചേർന്ന ഭാഗത്തു മൃതദേഹം വലിച്ചിഴച്ചുകൊണ്ടുവന്ന ജയമോൾ, അടുത്ത വീട്ടിൽ നിന്നു മണ്ണെണ്ണ വാങ്ങി വിറക്, തൊണ്ട്, ചിരട്ട തുടങ്ങിയവ കൂട്ടി മൃതദേഹം കത്തിച്ചു. വിറകും മറ്റും നീക്കിക്കൂട്ടാൻ ഉപയോഗിച്ച ചൂല് പൊലീസ് കണ്ടെടുത്തു. അരമണിക്കൂറോളം കത്തിയ മൃതദേഹം പറമ്പിലേക്കു മാറ്റാൻ എടുത്തപ്പോൾ കയ്യിലെയും കാലിലെയും മാംസവും എല്ലും അടർന്നു. വീണ്ടും കത്തിച്ച ശേഷം ഉയരമില്ലാത്ത മതിലിലൂടെ മൃതദേഹം പറമ്പിലേക്ക് എടുത്തിട്ടു. പിന്നീട് മതിൽ ചാടിക്കടന്നു വാഴക്കൂട്ടത്തിൽ ഉപേക്ഷിച്ചു.

വൈകിട്ട് ആറു മണിയോടെ കൊല നടത്തി, ഭർത്താവ് തിരിച്ചുവരുന്ന എട്ടരയ്ക്കു മുൻപ് എല്ലാം കഴിഞ്ഞു. രാത്രി ഒന്നുമറിയാത്ത പോലെ ഭർത്താവിനോടു മകനെ കാണാനില്ലെന്നു പറയുകയും ചെയ്തു.

ജോബും ബന്ധുക്കളും നാട്ടുകാരും നാലുപാടും അന്വേഷിക്കുകയും പത്രത്തിൽ പരസ്യം കൊടുക്കുകയും ചെയ്തപ്പോഴും രണ്ടു ദിവസവും ജയമോൾ ഇടയ്ക്കു പോയി മൃതദേഹം നോക്കി. ചാത്തന്നൂർ സിഐ: അജയനാഥും സംഘവും വീട്ടിലെത്തി ചോദ്യം ചെയ്തപ്പോൾ ജയമോൾ നൽകിയ പരസ്പരവിരുദ്ധമായ മൊഴിയാണു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കയ്യിൽ പൊള്ളലേറ്റ പാടിനെക്കുറിച്ചു ചോദിച്ചപ്പോൾ ചിരട്ട കത്തിച്ചപ്പോൾ തെറിച്ചുവീണെന്നായിരുന്നു മറുപടി. മൃതദേഹം കത്തിച്ച ഭാഗത്തു ജിത്തു ജോബിന്റെ ചെരിപ്പ് കണ്ടതും സംശയം ബലപ്പെടുത്തി.

മൃതദേഹം പറമ്പിലേക്കു മാറ്റുന്ന സമയത്ത് അടർന്നു വീണ എല്ലിൻ കഷണങ്ങൾ പൊലീസ് ഇന്നലെ കണ്ടെടുത്തു. കൊല നടത്തുമ്പോൾ ജയമോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തു.

ജിത്തു ജോബിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്ത പ്രദേശവാസിയായ യുവാവിനെ വിട്ടയച്ചു. കൊല്ലം ഡിസിആർബി ഡിവൈഎസ്പി എം.ആർ.സതീഷ്കുമാറിനാണ് അന്വേഷണ ചുമതല.