Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിത്തു വധം: അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും

jayamol കൊട്ടിയത്തു ജിത്തുജോബ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അമ്മ ജയമോൾ.

കൊല്ലം∙ കൊട്ടിയത്തു ജിത്തു ജോബ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ അമ്മ ജയമോളുടെ മാനസികനില വീണ്ടും പരിശോധിക്കും. ജയമോളുടെ മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണിത്. തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി വിശദമായ പരിശോധന നടത്താനാണു നീക്കം. മാനസിക പ്രശ്നമില്ലെന്ന ആദ്യനിഗമനം കോടതിയെ അറിയിച്ചിട്ടില്ല. ജയമോൾ മൃതദേഹം കൈകാര്യംചെയ്ത രീതിയാണു മാനസികനിലയില്‍ സംശയമുണ്ടാക്കിയത്.

അമ്മയ്ക്കു മാനസികപ്രശ്നമുണ്ടെന്നാണു മകൾ വെളിപ്പെടുത്തിയത്. ഒരു കൊല്ലമായി മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു പ്രതിയായ ജയമോളെന്നു കൊല്ലപ്പെട്ട ജിത്തുവിന്റെ സഹോദരി പറഞ്ഞു. പലപ്പോഴും അക്രമാസക്തയാകാറുണ്ട്. ദേഷ്യം മാറുമ്പോള്‍ സാധാരണരീതിയില്‍ പ്രതികരിക്കുന്നതിനാല്‍ ചികില്‍സിച്ചില്ല. മകന്റെ സ്നേഹം നഷ്ടമാകുമെന്നു ജയമോള്‍ ഭയപ്പെട്ടിരുന്നു. കൊലപ്പെടുത്തിയശേഷം ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന തരത്തിലുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം വളരെയധികം വേദനിപ്പിച്ചെന്നും മകള്‍ പറഞ്ഞു.

മകനെ കൊന്നത് അതിക്രൂരമായി

കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥി നെടുമ്പന കുരീപ്പള്ളി സെബദിയിൽ ജോബ് ജി.ജോണിന്റെ മകൻ ജിത്തു ജോബിന്റെ (14) മൃതദേഹം വീടിനു സമീപത്തെ വാഴത്തോട്ടത്തിൽ കരിഞ്ഞ നിലയിലാണു കണ്ടെത്തിയത്. കഴുത്തും കൈകാലുകളും വെട്ടേറ്റ നിലയിലും പാദം വെട്ടിമാറ്റിയ നിലയിലുമായിരുന്നു.
ഒരു കാലിന്റെ മുട്ടിനു താഴെ വെട്ടിനുറുക്കിയിരുന്നു. മുഖം കരിഞ്ഞു വികൃതമായ നിലയിലുമായിരുന്നു.

പൊലീസിനോടു പരസ്പരവിരുദ്ധമായ കാര്യങ്ങളാണു ജയമോൾ പറഞ്ഞത്. പിന്നീടുള്ള പരിശോധനയിലാണ് ജിത്തുവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.