Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടനാട്ടിൽ വീണ്ടും കാർഷിക വായ്പാ തട്ടിപ്പ്: അന്വേഷണവുമായി പൊലീസ്

ആലപ്പുഴ ∙ ഹരിതഗീതം എന്ന പദ്ധതിയുടെ പേരിൽ കുട്ടനാട്ടിൽ വ്യാപകമായി വായ്പാ തട്ടിപ്പു നടന്നുവെന്ന പരാതിയിൽ പുളിങ്കുന്ന് പൊലീസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് (എഫ്ഐആർ) തയാറാക്കി. പദ്ധതിയുടെ നടത്തിപ്പുകാർക്കെതിരെ സ്വകാര്യ വ്യക്തി നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. പാട്ടക്കാർക്കു കൂട്ടുത്തരവാദിത്ത വ്യവസ്ഥയിൽ നൽകുന്ന കാർഷിക വായ്പയുടെ പേരിലാണു കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടന്നത്.

ജീവിച്ചിരിപ്പില്ലാത്തവരുടെയും നാട്ടിൽ നിന്നു മാറി താമസിക്കുന്നവരുടെയും പേരിലും വ്യാജ മേൽവിലാസങ്ങൾ സൃഷ്ടിച്ചും ഉൾപ്പെടെ നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ളതാണു പരാതി. ദേശസാൽകൃത ബാങ്കിന്റെ ആലപ്പുഴ ശാഖയിൽ നിന്നു മുപ്പതു ലക്ഷത്തിലേറെ രൂപ വായ്പയായി വാങ്ങിയതു സംബന്ധിച്ച രേഖയും വായ്പയെടുത്തവരുടെ മേൽവിലാസം വ്യാജമാണെന്നതിന്റെ തെളിവും സഹിതമാണു പുളിങ്കുന്ന് പൊലീസിനും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയത്.

യഥാർഥ വിലാസത്തിലുള്ള പലരും വായ്പയെക്കുറിച്ച് അറിഞ്ഞിട്ടുമില്ല. അൻപതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ വായ്പ എടുത്തവരുടേതാണു പട്ടിക. അതേസമയം, ഈ പട്ടിക ബാങ്കിലെ രേഖകളുമായി ഒത്തുനോക്കാൻ ബാങ്ക് അധികൃതർ പൊലീസിനെ അനുവദിച്ചിട്ടില്ല. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യപ്പെടുത്താൻ കഴിയാത്തതിനാൽ കൂടുതൽ അന്വേഷണത്തിനു ബാങ്കിങ് ഓംബുഡ്സ്മാൻ മുഖേന ബന്ധപ്പെടണമെന്നായിരുന്നു അവരുടെ നിർദേശം. കുട്ടനാട്ടിലെയും ആലപ്പുഴയിലെയും ദേശസാൽകൃത ബാങ്കുകൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒട്ടേറെ സംഘങ്ങൾക്കാണു കോടിക്കണക്കിനു രൂപയുടെ വായ്പ അനുവദിച്ചിരിക്കുന്നത്.

related stories